ഖത്തറിന്റെ ജലാതിര്‍ത്തി ലംഘിച്ചതിന് ബഹ്‌റൈന്‍ ബോഡിബില്‍ഡറെ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ട്

bahraini body builder arrested

ദോഹ: ബഹ്‌റൈന്‍ ബോഡി ബില്‍ഡിങ് ചാംപ്യന്‍ സമി അല്‍ ഹദ്ദാദിനെ ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ട്. മല്‍സ്യബന്ധനത്തിന് പോയ ഹദ്ദാദിനെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചത്. അറസ്റ്റിനെ അപലപിച്ച ബഹ്‌റൈന്‍ ഹദ്ദാദിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കടലില്‍ മല്‍സ്യബന്ധനം നടത്തുന്ന ബഹ്‌റൈനികളെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന ബോഡി ബില്‍ഡിങ് ചാംപ്യനായ ഹദ്ദാദ് ബഹ്‌റൈന്‍ ജലാതിര്‍ത്തിക്കകത്ത് സുഹൃത്തുക്കളോടൊപ്പം മീന്‍പിടിക്കുകയായിരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ അവകാശവാദം. അറസ്റ്റ് ഒറ്റപ്പട്ട സംഭവമാണെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉടന്‍ പരിഹാരം കാണുമെന്ന് കരുതുന്നതായും യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പ്രതികരിച്ചു. സ്‌കൈ ന്യൂസ് അറേബ്യയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ബഹ്‌റൈന്‍ മീന്‍പിടിത്തക്കാര്‍ നിരവധി തവണ ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ചിരുന്നു. ബഹ്‌റൈന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതു സംബന്ധിച്ച് ഖത്തര്‍ യുഎന്നില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.