ന്യൂയോര്‍ക്ക്: 2020 ഡിസംബര്‍ 9ന് ബഹ്റൈനി യുദ്ധവിമാനങ്ങള്‍ ഖത്തറിന്റെ വ്യോമപരിധി ലംഘിച്ചതായി ഖത്തര്‍ യുഎന്‍ രക്ഷാസമിതിയെയും യുഎന്‍ സെക്രട്ടറി ജനറലിനെയും അറിയിച്ചു. ഖത്തര്‍ ജലാതിര്‍ത്തിക്കു മുകളിലൂടെയാണ് ബഹ്റൈനി വിമാനങ്ങള്‍ ഖത്തര്‍ വ്യോമപരിധിയില്‍ അതിക്രമിച്ച് കയറിയതെന്ന് യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശെയ്ഖ ആലിയ അഹ്മദ് ബിന്‍ സൈഫ് ആല്‍ഥാനി അറിയിച്ചു.
ഖത്തറിന്റെ പരമാധികാരവും അതിര്‍ത്തി സുരക്ഷയും ലംഘിച്ച നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ഔദ്യോഗിക കത്ത് യുഎന്നിന് കൈമാറി. ബഹ്റൈന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതുമാണ്. ഇതാദ്യമായല്ല ബഹ്റൈന്‍ ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രകോപനപരമായ നടപടികളില്‍ നിന്ന് ബഹ്റൈന്‍ പിന്മാറണമെന്നും അന്താരാഷ്ട്ര നിയമങ്ങളെയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചട്ടങ്ങളെയും മാനിക്കാന്‍ തയ്യാറാവണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.