Saturday, November 27, 2021
HomeNewsfeedആസ്പയറിന്റെ ആകാശത്ത് വര്‍ണം വിതറും; ഖത്തറില്‍ ഡിസംബര്‍ 9 മുതല്‍ ബലൂണ്‍ ഫെസ്റ്റിവല്‍

ആസ്പയറിന്റെ ആകാശത്ത് വര്‍ണം വിതറും; ഖത്തറില്‍ ഡിസംബര്‍ 9 മുതല്‍ ബലൂണ്‍ ഫെസ്റ്റിവല്‍

ദോഹ: ആസ്പയര്‍ പാര്‍ക്കിലേക്ക് വീണ്ടും വര്‍ണ ബലൂണുകള്‍ തിരിച്ചെത്തുന്നു. ഡിസംബര്‍ 9 മുതല്‍ 18 വരെ രണ്ടാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍.

10 ദിവസത്തെ മേളയില്‍ 40 ഹോട്ട് എയര്‍ ബലൂണുകളാണ് പ്രദര്‍ശനത്തിനുണ്ടാവുക. തവള, കരടി, പുലി, കുറുക്കന്‍, നായ, ജോക്കര്‍ തുടങ്ങി വിവിധ രൂപങ്ങളിലുള്ള ബലൂണുകള്‍ ഇത്തവണത്തെ പ്രത്യേകതയാണ്.

ഫിഫ അറബ് കപ്പ് കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് കണ്‍കുളിര്‍മ നല്‍കുന്നതായിരിക്കും ഇത്തവണത്തെ ബലൂണ്‍ മേളയെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ശെയ്ഖ് അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ഹസന്‍ ആല്‍ഥാനി പറഞ്ഞു.

മേളയോടനുബന്ധിച്ച് ദിവസവും 4 മുതല്‍ 10 വരെ ഡാന്‍സര്‍മാരും സംഗീതജ്ഞരും ഡിജെകളും ഒന്നിക്കുന്ന വിവിധ പരിപാടികളും ആസ്പയര്‍ പാര്‍ക്കില്‍ നടക്കും. ഭക്ഷണ സ്റ്റാളുകള്‍, കിഡ്‌സ് ഏരിയ തുടങ്ങിയവയും പ്രധാന ആകര്‍ഷണങ്ങളായിരിക്കും.

കഴിഞ്ഞ വര്‍ഷം അര ലക്ഷത്തോളം പേരാണ് ബലൂണ്‍ മേള സന്ദര്‍ശിക്കാനെത്തിയത്. ഇത്തവണ അത് മറികടക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് 299 റിയാല്‍ നല്‍കി ബലൂണ്‍ റൈഡിനും അവസരമുണ്ട്. ടിക്കറ്റുകള്‍ അടുത്തയാഴ്ച്ച മുതല്‍ മേളയുടെ വെബ്‌സൈറ്റായ www.qatarballoonfestival.com ല്‍ ലഭിക്കും. ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ നിന്ന് നേരിട്ടും ടിക്കറ്റുകള്‍ വാങ്ങാം.
ALSO WATCH

Most Popular