ദോഹ: മുന്‍ ബാഴ്സലോണ നായകന് സാവി ഹെര്‍ണാണ്ടസ് ബാഴ്സയുടെ മുഖ്യപരിശീലകനാവും. ലാ ലിഗയില്‍ ബാഴ്സയുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് പരിശീലകന് റൊണാള്‍ഡ് കൂമാന് പകരക്കാരനായാണ് താരത്തിന്റെ വരവ്. ബാഴ്സയുടെ മുന്‍ മിഡ്ഫീല്‍ഡറായിരുന്നു സാവി.
ഇപ്പാള്‍ ഖത്തര്‍ ക്ലബായ അല്‍ സദ്ദിന്റെ പരിശീലകനാണ് അദ്ദേഹം. ബാഴ്സ പരിശീലകനായി പോവുന്നതിന് അല്‍ സദ്ദ് സമ്മതം നല്‍കിയതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഖത്തറിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ബാഴ്സലോണ ക്ലബ്ബ്.
അല്‍ സദ്ദ് വിടുന്നത് കരാര്‍ പ്രകാരമുള്ള റിലീസ് തുക നല്‍കിയായിരിക്കും. ബാഴ്സലോണയുമായി വരും കാലത്ത് സഹകരിക്കാന്‍ താല്പര്യമുണ്ടെന്നും അല്‍ സദ്ദിന്റെ അവിഭാജ്യഘടകമായ സാവി ഹെര്‍ണാണ്ടസിന് ബാഴ്സയില്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്നും അല്‍ സദ്ദ് ട്വീറ്റ് ചെയ്തു.
ബാഴ്സ പരിശീലകന് കൂമാനെ പുറത്താക്കിയശേഷം സാവി ബാഴ്സയുടെ പരിശീലകനാവനുള്ള താല്പര്യം അല്‍ സദ്ദ് ക്ലബ് മാനേജ്മെന്റിനെ അറിയിച്ചിരുന്നു. ഇഷ്ട ക്ലബ് പ്രതിസന്ധിയില്‍ നില്ക്കുമ്പോള് സഹായിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും സാവി വ്യക്തമാക്കിയരുന്നു.
കൂമാനെ ബാഴ്സ പരിശീലകനാക്കുന്നതിന് മുമ്പ് തന്നെ സാവിയെ പരിശീലകനാക്കാന്‍ ബാഴ്സ ശ്രമം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ് അന്ന് അദ്ദേഹം നിരസിച്ചിരുന്നു.
എട്ട് ലാ ലിഗ കീരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടിയിട്ടുള്ള സാവി ബാഴ്സയുടെ ഇതിഹാസ താരമാണ്. റൊണാള്‍ഡ് കൂമാന് രാജിക്ക് ശേഷം സഹപരിശീലകനായ സെര്‍ജി ബര്‍ജുവാന്‍ ബാഴ്സയുടെ താല്‍ക്കാലിക പരിശീലകനായിരുന്നു. സാവി എത്തുന്നതോടെ ബര്‍ജുവാന്‍ സഹപരിശീലക സ്ഥാനത്തേക്ക് മാറും.
സ്പാനിഷ് ലീഗില്‍ ബാഴ്സ 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 16 പോയന്റുമായി ബാഴ്സ പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. സാവി പരിശീലിപ്പിക്കുന്ന അല്‍ സദ്ദ് ഖത്തര്‍ ആഭ്യന്തര ലീഗില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയിരുന്നു.