ദോഹ: ഖത്തറിലെ പ്രാദേശിക ഡെലിവറി കമ്പനികളായ സ്നൂനുവും ഗോറഫീഖും തമ്മില്‍ വ്യാപാര തര്‍ക്കം. ഗോറഫീഖ് മനപൂര്‍വ്വം തങ്ങളുടെ ബിസിനസ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സ്നൂനു സഹസ്ഥാപകന്‍ ഹമദ് അല്‍ ഹാജിരി ട്വിറ്ററില്‍ രംഗത്തെത്തി. ഫേക്ക് അക്കൗണ്ട് ഉപയോഗിച്ച് ഗോറഫീക്ക് ജനറല്‍ മാനേജര്‍ സ്നൂനുവിന്റെ സേവനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് അല്‍ഹാജിരിയുടെ ആരോപണം. ദോഹ ന്യൂസ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
സ്നൂനുവിന്റെ ഡെലിവറിയില്‍ വീഴ്ച്ച വന്നതായി ട്വിറ്റര്‍ വഴി ആരോപണം വന്നതിനെ തുടര്‍ന്ന് അത് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് അല്‍ഹാജിരി പറയുന്നു. ഡെലിവറി ലൊക്കേഷനും സമയവും ഉപഭോക്താവിന്റെ പേരും പരിശോധിച്ചപ്പോള്‍ അത് വന്നത് ലുസൈല്‍ മറീനയിലെ ഗോറഫീഖിന്റെ ആസ്ഥാനത്ത് നിന്നാണെന്ന് വ്യക്തമായതായി അല്‍ഹാജിരി പറയുന്നു. ഗോറഫീഖിന്റെ ജനറല്‍ മാനേജര്‍ക്കാണ് ഈ ഡെലിവറി പോയതെന്ന് അല്‍ ഹാജിരി പറഞ്ഞതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. പ്രസ്തുത വ്യക്തിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ ഡ്രൈവറും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ماهذا يارفيق .. المدير العام يطلب من منصة #سنونو وحين وصل له الطلب بسرعة البرق أنهار وبدأ بأختلاق الاكاذيب بل وبأسم مزور ! ليست هكذا تطور المشاريع وليست هذي أخلاقنا التي تربينا عليها .. pic.twitter.com/ERXCN1H3Yo
— Hamad Al-Hajri | QNV2030 (@halhjri14) February 23, 2021
വിപണിയില്‍ മല്‍സരം സാധാരണമാണെന്നും എന്നാല്‍, ഈ രീതിയിലുള്ള അനാരോഗ്യകരമായ മല്‍സരം വിപണിയെ തകര്‍ക്കുമെന്നും അല്‍ ഹാജിരി ചൂണ്ടിക്കാട്ടി. ഗോറഫീഖ് ജനറല്‍ മാനേജര്‍ സ്നൂനു ഡെലിവറി ഡ്രൈവറെ മനപൂര്‍വ്വം പരീക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് മനസ്സിലാവുന്നതെന്ന് അല്‍ഹാജിരി ആരോപിച്ചു. അദ്ദേഹം സ്നൂനുവിന്റെ ഡ്രൈവര്‍ക്ക് 500 റിയാല്‍ നോട്ട് നല്‍കിയതായും അതിന് ചേഞ്ച് തേടി മറ്റ് ഡ്രൈവര്‍മാരെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വേറെ എവിടെ നിന്നെങ്കിലും ചേഞ്ച് സംഘടിപ്പിക്കാന്‍ പറഞ്ഞുവെന്നും അല്‍ഹാജിരി ആരോപിക്കുന്നു. ഇതിന് മുമ്പ് ഇതേ ഉപഭോക്താവ് മരുഭൂമിയുടെ നടുവിലേക്ക് ഓര്‍ഡര്‍ നല്കി ബുദ്ധിമുട്ടിച്ചതായും അല്‍ഹാജിരി കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് ഗോറഫീഖിന്റെ പ്രതികരണം അറിവായിട്ടില്ല.
Beef between delivery giants Snoonu, GoRafeeq