ട്രംപ് തീക്കൊളുത്തിയിരിക്കുന്നത് വെടിപ്പുരയ്ക്ക്‌; സുലൈമാനിയുടെ കൊല പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: ഇറാന്റെ മുതിര്‍ന്ന സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കൊല പശ്ചിമേഷ്യയെ യുദ്ധത്തിലേക്കു നയിച്ചേക്കുമെന്ന് യുസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ജോ ബൈഡനും ബെര്‍ണി സാന്‍ഡേഴ്‌സും മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ഖുദ്‌സ് ഫോഴ്‌സിന്റെ തലവനെ നീതിക്കു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍, പ്രസിഡന്റ് ട്രംപ് തീക്കൊളുത്തിയിരിക്കുന്നത് വെടിപ്പുരയ്ക്കാണെന്ന് മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഈ പ്രകോപനത്തിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയോട് മറുപടി പറയേണ്ടതുണ്ട്. ഈ നടപടി കൂടുതല്‍ അമേരിക്കക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയും മേഖലയെ വീണ്ടുമൊരു യുദ്ധമുഖത്ത് എത്തിക്കുകയും ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ അപകടകരമായ നീക്കം മിഡില്‍ ഈസ്റ്റിനെ മറ്റൊരു ഭയാനക യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നും നിരവധി പേരുടെ ജീവനും ട്രില്യണ്‍ കണക്കിന് ഡോളറും അതിന് വിലയായി നല്‍കേണ്ടി വരുമെന്നും ബെര്‍നി സാന്‍ഡേഴ്‌സ് മുന്നറിയിപ്പ് നല്‍കി.

Content Highlights: Biden and Sanders warn Soleimani killing could lead to Middle East war