Monday, October 25, 2021
HomeEdiotrs Pickഖത്തര്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന നുണപ്രചാരണവുമായി ബിജെപി പത്രം

ഖത്തര്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന നുണപ്രചാരണവുമായി ബിജെപി പത്രം

ദോഹ: അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ ഖത്തറിനെതിരേ നുണപ്രചാരണവുമായി കേരളത്തിലെ ബിജെപി മുഖപത്രമായ ജന്മഭൂമി. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ ‘സിസ്റ്റമാറ്റിക്’ ആയി താലിബാനേയും ഇതരഭീകരസംഘടനകളേയും വളര്‍ത്താന്‍ ശ്രമിക്കുന്ന രാജ്യമാണ് ഖത്തറെന്ന് ആഗസ്ത് 20ന് ജന്മഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.

ഇന്ത്യയുമായി നല്ല ‘നയതന്ത്രബന്ധങ്ങള്‍’ അഭിനയിക്കുകയും എന്നാല്‍ ഇന്ത്യാ വിരുദ്ധഗൂഢാലോചനകള്‍ക്കു സര്‍വസഹായവും സംരക്ഷണവും നല്‍കുകയും ചെയ്യുന്നവരില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യവുമാണ് ഖത്തറെന്നാണ് വാര്‍ത്തയിലെ വിശദീകരണം. കേരളത്തില്‍ വേരോട്ടം ഉണ്ടാക്കിയിട്ടുള്ള എല്ലാ ഭീകരസംഘടനകളും വന്ന വഴികളില്‍ പ്രധാനപ്പെട്ടത് ഖത്തറാണെന്നും മലയാളികള്‍ അഫ്ഗാനില്‍ എത്തിയതു ഖത്തര്‍ വഴിയാണെന്നും റിപോര്‍ട്ടില്‍ ആരോപിക്കുന്നു.

ഖത്തറില്‍ താലിബാന്റെ പൊളിറ്റിക്കല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതും താലിബാനുമായുള്ള വിദേശരാജ്യങ്ങളുടെ ചര്‍ച്ചയ്ക്ക് ഖത്തര്‍ വേദിയാവുന്നതും ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം. എന്നാല്‍, വര്‍ഷങ്ങളായി സംഘര്‍ഷം തുടരുന്ന അഫ്ഗാനിസ്താനില്‍ സമാധാനം തിരിച്ചുകൊണ്ടുവരുന്നത് ലക്ഷ്യമിട്ട് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അംഗീകാരത്തോടെ ഖത്തര്‍ നടത്തിയ ഇടപെടലുകളുടെ ഭാഗമായിരുന്നു ഖത്തറിലെ താലിബാന്‍ ഓഫിസ്.

അമേരിക്കയുടെയും മറ്റ് വിദേശ രാജ്യങ്ങളുടെയും സാന്നിധ്യത്തില്‍ താലിബാന്‍ പ്രതിനിധികളും അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പലപ്പോഴും ഇന്ത്യയും പങ്കെടുത്തിരുന്ന എന്ന വസ്തുത മറച്ചുവച്ചാണ് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ നുണപ്രചാരണം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഉള്‍പ്പെടെ ഇത്തരം ചര്‍ച്ചകളുടെ ഭാഗമായിരുന്നു. ബിജെപിയുടെ ഇസ്ലാമോഫോബിയയും അറബ് രാജ്യങ്ങളോടുള്ള വംശീയ വിദ്വേഷം നിറഞ്ഞ നിലപാടുമാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതിന് പിന്നിലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Most Popular