ഉപരോധ രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് പുനരാരംഭിച്ചു

ദോഹ: ഉപരോധ രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് പുനരാരംഭിച്ചതായി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് പോസ്റ്റല്‍ സര്‍വീസ് പുനരാരംഭിച്ചത്.

സ്വിറ്റസര്‍ലന്റിലെ ബെര്‍നെയിലുള്ള യൂനിവേഴ്‌സല്‍ പോസ്റ്റല്‍ യൂനിയന്‍ ആസ്ഥാനത്ത് ജനുവരി 29ന് ബന്ധപ്പെട്ട രാജ്യങ്ങള്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഈ മാസം മുതല്‍ തന്നെ ഒരു മൂന്നാംരാജ്യം വഴി പോസ്റ്റല്‍ സര്‍വീസ് പുനരാരംഭിക്കനാണ് തീരുമാനം. ഒമാനെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2017 ജൂണില്‍ ഖത്തറിനെതിരേ ഉപരോധം ആരംഭിച്ചതു മുതല്‍ ഈ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള പോസ്റ്റല്‍ സേവനം പൂര്‍ണമായും നിലച്ചിരുന്നു. ഈ രാജ്യങ്ങള്‍ വഴി മറ്റു രാജ്യങ്ങളിലേക്ക് പോസ്റ്റല്‍ സാധനങ്ങള്‍ അയക്കാന്‍ പോലും സാധിച്ചിരുന്നില്ല.

വാണിജ്യ കാര്യങ്ങള്‍ക്കും ഈ രാജ്യങ്ങളിലുള്ള സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്തുന്നതിനും പോസ്റ്റല്‍ സേവനം വിലക്കിയത് തടസ്സമായിരുന്നു.