ദോഹ: ഖത്തര്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. പത്രികകള്‍ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി അറിയിച്ചു. വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
അഞ്ച് ദിവസമാണ് പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചിട്ടുള്ളത്. വ്യാഴാഴ്ച്ചയാണ് അവസാന ദിവസം. സപ്തംബര്‍ 15ന് അന്തിമ പട്ടിക പ്രഖ്യാപിക്കും. തുടര്‍ന്ന് പ്രചാരണം ആരംഭിക്കും. വോട്ടിങ് നടക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് പ്രചാരണം അവസാനിപ്പിക്കണം. ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രചാരണത്തില്‍ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കണമെന്ന് കമ്മിറ്റി അറിയിച്ചു. ചട്ടപ്രകാരം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കാനോ പ്രഭാഷണങ്ങള്‍ നടത്താനോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും സ്ഥാനാര്‍ഥികളുടെ പരസ്യങ്ങള്‍ പതിക്കാന്‍ പാടില്ല.
20 ലക്ഷം റിയാലാണ് ഒരു സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരമാവധി ചെലവഴിക്കാനാവുക. ഇതില്‍ 35 ശതമാനം വരെ സംഭാവനയായി സ്വീകരിക്കാം. തിരഞ്ഞെടുപ്പ് ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണം.
45 അഗം ശൂറ കൗണ്‍സിലില്‍ 30 പേരെയാണ് പൗരന്മാര്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. 15 പേരെ അമീര്‍ നാമനിര്‍ദേശം ചെയ്യും.
പൊതുവായ സര്‍ക്കാര്‍ നയങ്ങള്‍, അവയുടെ ബജറ്റ് എന്നിവ അംഗീകരിക്കുന്നതിന് ശൂറ കൗണ്‍സിലിന് നിയമപരമായ അധികാരം ഉണ്ടായിരിക്കും. പ്രതിരോധം, സുരക്ഷ, സാമ്പത്തികം, നിക്ഷേപം എന്നിവ ഒഴിച്ചുള്ള മേഖലകളില്‍ എക്‌സിക്യൂട്ടവിനെ നിയന്ത്രിക്കാനും ശൂറ കൗണ്‍സിലിന് സാധിക്കും.
ALSO WATCH