Thursday, December 2, 2021
HomeGulfQatarകോവിഡ് ഭീതി; അല്‍ഖോര്‍ കാര്‍ണിവല്‍ അനിശ്ചിതമായി നിര്‍ത്തിവച്ചു

കോവിഡ് ഭീതി; അല്‍ഖോര്‍ കാര്‍ണിവല്‍ അനിശ്ചിതമായി നിര്‍ത്തിവച്ചു

ദോഹ: മഹാമാരി ഭീഷണി ആരംഭിച്ച ശേഷം ഖത്തറില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷമായ അല്‍ഖോര്‍ കാര്‍ണിവല്‍ നിര്‍ത്തിവച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മേള നിര്‍ത്തിവയ്ക്കുന്നതായി അല്‍ഖോര്‍ കാര്‍ണിവല്‍ സംഘാടകര്‍ അറിയിച്ചു. ശുചീകരണ പ്രവര്‍ത്തികള്‍ക്കായി മേള ഒരു ദിവസത്തേക്ക് അടച്ചിടുന്നതായും ജനുവരി 31ന് പുനരാരംഭിക്കുമെന്നും വെള്ളിയാഴ്ച്ച സംഘാടകര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഖത്തറില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കേ ജനങ്ങള്‍ വലിയ തോതില്‍ ഒത്തുകൂടുന്ന ഇത്തരമൊരു മേള സംഘടിപ്പിച്ചതിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളോ സാമൂഹിക അകലമോ പാലിക്കാതെ സന്ദര്‍ശകര്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനം ശക്തമായത്. വലിയ ആള്‍ക്കൂട്ടം മേള സ്ഥലത്തേക്ക് പ്രവേശിക്കാന്‍ തിങ്ങിഞെരുങ്ങി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ദിവസേനയുള്ള കോവിഡ് കേസുകള്‍ ഒരു മാസത്തിനിടെ ഇരട്ടിയായതോടെ രോഗത്തിന്റെ രണ്ടാം തരംഗം ഉണ്ടാവുമെന്ന് ആശങ്ക ഉയര്‍ന്നതും മേളയോടുള്ള എതിര്‍പ്പിനിടയാക്കി. രാജ്യത്ത് കോവിഡ് മൂലം ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം 85 ശതമാനം വര്‍ധിച്ചതായി കഴിഞ്ഞ ദിവസം ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. രാജ്യത്ത് ഒരു രണ്ടാം തരംഗത്തിന്റെ സൂചന കാണുന്നതായാണ് വ്യാഴാഴ്ച്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോവിഡ് വ്യാപന നിയന്ത്രണ വിഭാഗം മേധാവി ഡോ. ഹമദ് ഈദ് അല്‍ റുമൈഹി വ്യക്തമാക്കിയത്. രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നാല്‍ രണ്ടാഴ്ച്ചത്തെ ലോക്ക് ഡൗണ്‍ വേണ്ടി വരുമെന്നും അതേ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ വ്യാപകമായി ലംഘിക്കുന്നതാണ് നിലവിലെ സ്ഥിതിക്ക് കാരണമാകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

Most Popular