ദോഹ: കൊമേഴ്‌സ്യല്‍ ബാങ്ക് ജീവനക്കാരന്‍ എന്ന മേല്‍വിലാസത്തോടെ ട്വിറ്ററില്‍ മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ ഇട്ടയാള്‍ വ്യാജനെന്ന് ഖത്തര്‍ കൊമേഴ്‌സ്യല്‍ ബാങ്ക്. വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാരെ കരുതിയിരിക്കണമെന്ന് കൊമേഴ്‌സ്യല്‍ ബാങ്ക് അറിയിച്ചു.
രുദ്രയ്യനമഹ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ദേവാസുരം എന്ന പേരിലാണ് ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നത്. താന്‍ മുസ്ലിം കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയില്ലെന്നും തന്റെ കമ്പനിയിലേക്ക് മുസ്ലിംകളെ ജോലിക്ക് എടുക്കുകയില്ലെന്നതും ഉള്‍പ്പെടെ വിഭാഗീയത ഇളക്കിവിടുന്ന നിരവധി പോസ്റ്റുകളാണ് ഇയാളുടേതായി വന്നത്. ഖത്തര്‍ കൊമേഴ്‌സ്യല്‍ ബാങ്കിലെ ജീവനക്കാരനാണെന്ന് ഇയാളുടെ പ്രൈഫൈലില്‍ രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൊമേഴ്‌സ്യല്‍ ബാങ്കിന്റെ പ്രതികരണം.
തങ്ങളുടെ സ്ഥാപനം ഉന്നത ധാര്‍മിക നിലവാരം പുലര്‍ത്തുന്ന ഒന്നാണെന്നും ഇത്തരം തെറ്റായ സന്ദേശങ്ങളില്‍ ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് ആശങ്കാജനകമാണെന്നും കൊമേഴ്‌സ്യല്‍ ബാങ്ക് അറിയിച്ചു. ട്വിറ്ററിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രസ്തുത അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ട്. ഈ വ്യക്തിക്കെതിരേ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു.
It is clear that fake identities are being used by forces inimical to India, to create divisions within our community. Please understand the reality and do not get swayed by these malicious attempts to sow discord. Our focus right now needs to be on COVID-19. pic.twitter.com/dVJnAr0Z4N
— India in Qatar (@IndEmbDoha) April 21, 2020
സമൂഹത്തില്‍ ഛിദ്രത പരത്താന്‍ ഇന്ത്യയുടെ ശത്രുക്കള്‍ വ്യാജ ഐഡികളിലൂടെ ശ്രമം നടത്തുന്നതായി ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ പ്രതികരിച്ചു. ഇത്തരക്കാരുടെ വലയില്‍ വീഴരുതെന്നും എംബസി ഓര്‍മിപ്പിച്ചു. ഇതേ ആള്‍ തന്നെ പ്രകാശന്‍ നായര്‍ എന്ന പേരിലും ട്വീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇന്ത്യന്‍ എംബസി പങ്കുവച്ചു.