നിയന്ത്രണങ്ങളോടെ ദേ​ശീ​യ കാ​യി​ക​ദി​നാഘോഷം

ദോഹ: കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണത്തെ ദേശീയ കായികദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്‍ഡോര്‍ പരിപാടികള്‍ക്ക് വിലക്കുമേര്‍പ്പെടുത്തി കൊണ്ട് പൂര്‍ണമായും ഔട്ട്‌ഡോര്‍ പരിപാടികള്‍ക്ക് മാത്രമാണ് ദേശീയ കായികദിന സംഘാടക സമിതി അനുമതി നല്‍കിയത്. അതേസമയം ഫുട്ബാള്‍, വോളിബാള്‍, ബാസ്‌കറ്റ്ബാള്‍ തുടങ്ങി ജനങ്ങള്‍ പരസ്പരം നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകണം. എന്നാല്‍ മാരത്തണ്‍, നടത്തം, സൈക്ലിങ് തുടങ്ങി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയില്ലാത്ത മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് പരിശോധനക്ക് വിധേയരാകേണ്ടതില്ല. അതോടൊപ്പം ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിന് വിസ്സമ്മതിക്കുന്നവരെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 72 മണിക്കൂറിനുള്ളിലെ പരിശോധന ഫലം മാത്രമായിരിക്കും സ്വീകാര്യമാകുക.

മത്സര/പരിശീലന സ്ഥലങ്ങളിലേക്കെത്തുന്നവര്‍ ബസിലോ സ്വകാര്യ വാഹനങ്ങളിലോ ആണ് എത്തേണ്ടതെന്ന് സമിതി വ്യക്തമാക്കി. എന്നാല്‍ 50സീറ്റുള്ള ബസില്‍ 25 പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളില്‍ നാലുപേര്‍ മാത്രമേ യാത്രചെയ്യാവുവെന്നും എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. എന്നാല്‍ റെഡിമെയ്ഡ് അല്ലെങ്കില്‍ നേരത്തെ പാക്ക് ചെയ്ത ഭക്ഷണം മാത്രമാണ് പരിശീലന, മത്സര സ്ഥലങ്ങളില്‍ അനുവദിക്കൂ. നിശ്ചിത അകലം പാലിച്ചായിരിക്കണം തീന്‍മേശകള്‍ ക്രമീകരിക്കേണ്ടത്. ഭക്ഷ്യ പാനീയ കേന്ദ്രങ്ങളില്‍ ടേക്ക് എവേ മാത്രമായിരിക്കും അനുവദിക്കുക.

എല്ലാ വേദികളിലും 30 ശതമാനം ശേഷിയില്‍ മാത്രമായിരിക്കും കാണികള്‍ക്ക് പ്രവേശനം അനുവദിക്കുക. എവല്ലാ വിധ പരിപാടികള്‍ക്ക് വേണ്ടി വന്ന ആളുകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിച്ചായിരിക്കണം ഇരിക്കേണ്ടത്. ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് ഒപ്പം ഇരിക്കാമെങ്കിലും മറ്റു കുടുംബങ്ങളുമായി 1.5 മീറ്റര്‍ അകലം പാലിച്ചിരിക്കണം. അതോടൊപ്പം പങ്കെടുക്കുന്നവര്‍ വസ്ത്രങ്ങളും ടവലുകളും സോപ്പും മറ്റു സ്വകാര്യ വസ്തുക്കളും പരസ്പരം കൈമാറ്റം ചെയ്യരുത്. എല്ലാവരുടെയും ശരീര താപനില പരിശോധിച്ചായിരിക്കണം പ്രവേശനം അനുവദിക്കേണ്ടത്. പ്രവേശന കവാടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ഗേറ്റുകള്‍ നേരത്തെ തുറന്നു കൊടക്കുന്നതാണ്. പൊതുകുളിമുറികളും ചെയ്ഞ്ചിങ് റൂമുകളും ഉപയോഗിക്കാതിരിക്കുക. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവര്‍ക്ക് മാത്രമായിരിക്കണം പ്രവേശനം അനുവദിക്കേണ്ടത്. ഫെബ്രുവരി ഒമ്പതിനാണ് ദേശീയകായിക ദിനം.