ദോഹ: ഡിസംബര്‍ 18ന് ദേശീയ ദിനം ആഘോഷിക്കൊനൊരുങ്ങുന്ന ഖത്തറില്‍ കോര്‍ണിഷ് ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ദേശീയ പതാകയും വര്‍ണവിളക്കുകളും കൊണ്ട് നിറമണിഞ്ഞു. പ്രധാന ആഘോഷം നടക്കുന്ന കോര്‍ണിഷ് സ്ട്രീറ്റിലുടനീളം വെള്ളയും മറൂണും നിറത്തിലുള്ള പതാകകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൈതൃക കേന്ദ്രങ്ങളായ സൂഖ് വാഖിഫ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.
രാജ്യത്തെ പ്രധാന കെട്ടിടങ്ങളും ഷോപ്പിങ് മാളുകളും കൂറ്റന്‍ ഖത്തരി പതാകകളാല്‍ അലങ്കരിക്കപ്പെട്ടു കഴിഞ്ഞു. മിക്ക കെട്ടിടങ്ങളും രാത്രികാലങ്ങളില്‍ വര്‍ണവിളക്കുകളാല്‍ പ്രഭാപൂരിതമാണ്. രാജ്യത്തെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെ വീടുകളിലും ദേശീയ ദിന അലങ്കാരം ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ സ്റ്റിക്കറുകള്‍ പതിച്ചും മറൂണ്‍ നിറത്തില്‍ പെയിന്റ് ചെയ്തുമാണ് ദേശീയ ദിനത്തെ സ്വീകരിക്കുന്നത്.
ആധുനിക ഖത്തറിന് അടിത്തറ പാകിയ രാഷ്ട്രപിതാവ് ശെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ആല്‍ഥാനി 1878 ഡിസംബര്‍ 18ന് ഏകീകൃത സ്വതന്ത്ര ഖത്തര്‍ പ്രഖ്യാപിച്ചതിന്റെ ഓര്മ പുതക്കല്‍ കൂടിയാണ് ദേശീയ ദിനം. ദേശീയ ദിനത്തിന്റെ സുപ്രധാന ചടങ്ങായ പരേഡ് കോര്‍ണിഷിലാണ് നടക്കുക. ആയിരക്കണക്കിന് പൗരന്മാരും പ്രവാസികളും ചടങ്ങിന് സാക്ഷിയാകാറുണ്ട്. എന്നാല്‍, ഇത്തവണ കോവിഡ് സാഹചര്യമായതിനാല്‍ കുറഞ്ഞ ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.
Celebration mode in Qatar as National Day nears