നദികളെ അടിസ്ഥാനമാക്കിയുള്ള ഭരണവ്യവസ്ഥ അനിവാര്യം: അഡ്വ. ഹരീഷ് വാസുദേവന്‍

ദോഹ: നദികളെ പറ്റി വേണ്ടത്ര പഠനം നടത്തി അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണവ്യവസ്ഥ ഓരോ നദികള്‍ക്കും അനിവാര്യമാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ പറഞ്ഞു. ദോഹയില്‍, ‘ചാലിയാര്‍ ദോഹ’ സംഘടിപ്പിച്ച പരിസ്ഥിതി ചര്‍ച്ച ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുഴകള്‍ ഒഴുക്കാണ്, അതിനെ തടയുന്ന ഒരു നിര്‍മിതിയും ആശാസ്യമല്ലെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. ഓരോ പുഴകള്‍ക്കും ഒരു കണ്‍സോര്‍ട്ടിയം വേണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ജിയോഗ്രഫിക്കല്‍ സെന്‍സ് വേണം, ഹരീഷ് തുടര്‍ന്നു.

ഖത്തറില്‍ ഒരു നദിക്കായി ‘ചാലിയാര്‍ ദോഹ’ എന്ന സംഘടന ഉള്ള പോലെ നാട്ടില്‍ ഓരോ നദികള്‍ക്കും സംഘടന ആവശ്യമാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചാലിയാര്‍ ദോഹ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് ഫറോക്ക് അധ്യക്ഷനായിരുന്നു.

ചാലിയാര്‍ ദോഹ പ്രസിദ്ധീകരിച്ച ‘പുഴയോരം’ മാഗസിന്‍ ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ വി സി മശ്ഹൂദ്, മുഖ്യാഥിതി ഹരീഷ് വാസുദേവന് കൈമാറി. ആര്‍ജെ സൂരജ്, ഷാജി ഫ്രാന്‍സിസ്, പ്രദോഷ്, ജീവന്‍, ഹൈദര്‍ ചുങ്കത്തറ, ഫിറോസ് അരീക്കോട്, ബഷീര്‍ പോത്തുകല്‍, ബഷീര്‍ കുനിയില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം സ്വാഗതവും, ട്രഷറര്‍ കേശവദാസ് നിലമ്പുര്‍ നന്ദിയും പറഞ്ഞു. ജാബിര്‍ ബേപ്പൂര്‍, ബഷീര്‍ മണക്കടവ്, സി ടി സിദ്ധീഖ്, ഡോ. ഷഫീഖ് താപ്പി, രതീഷ് കക്കോവ്, ഷുക്കൂര്‍, ഡാനിഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.