Wednesday, December 1, 2021
HomeNewsfeedഖത്തര്‍ കെഎംസിസി നല്‍കിയ 4 കോടി എവിടെ എന്ന ചോദ്യവുമായി ചന്ദ്രിക ജീവനക്കാര്‍

ഖത്തര്‍ കെഎംസിസി നല്‍കിയ 4 കോടി എവിടെ എന്ന ചോദ്യവുമായി ചന്ദ്രിക ജീവനക്കാര്‍

ദോഹ: ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച ആരോപണം ശരിവച്ച് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ മുഈനലി ശിഹാബ് തങ്ങള്‍ തന്നെ രംഗത്തെത്തിയതോടെ ഇത് സംബന്ധമായി ചന്ദ്രിക ജീവനക്കാര്‍ മാനേജ്‌മെന്റിന് നല്‍കിയ കത്തും ചര്‍ച്ചയാവുന്നു. ചന്ദ്രിക കെയുഡബ്ല്യുജെ-കെഎന്‍ഇഎഫ് കോഓഡിനേഷന്‍ കമ്മിറ്റി 2021 മെയ് 10ന് നല്‍കിയ കത്തില്‍ പത്രത്തില്‍ നടക്കുന്ന കെടുകാര്യസ്ഥത അക്കമിട്ട് നിരത്തുന്നുണ്ട്.

മാധ്യമ മേഖലയുമായി ഒരു ബന്ധവുമില്ലാത്ത പിഎംഎ സമീര്‍ ഫിനാന്‍സ് ഡയറക്ടറായി സ്ഥാനമേറ്റതു മുതലാണ് വലിയ തോതില്‍ സാമ്പത്തിക തിരിമറികള്‍ ആരംഭിച്ചതെന്ന് ജീവനക്കാര്‍ കത്തില്‍ ആരോപിക്കുന്നു.
chandrika1അതില്‍ പ്രധാനപ്പെട്ട ആരോപണമാണ് ചന്ദ്രിക പ്രസ് നവീകരിക്കാന്‍ ഖത്തര്‍ കെഎംസിസി നല്‍കിയ 4 കോടി രൂപ എവിടെയെന്ന ചോദ്യം. കോഴിക്കോട് ചന്ദ്രികയുടെ പ്രസ്(വെബ് ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീന്‍) മാറ്റി പകരം പുതിയത് സ്ഥാപിക്കാന്‍ ഖത്തര്‍ കെഎംസിസി നാല് കോടിയോളം രൂപ നല്‍കിയിരുന്നതായാണ് ജീനവക്കാരുടെ കത്തില്‍ പറയുന്നത്. ഇക്കാര്യം അന്നത്തെ ജനറല്‍ മാനേജരായിരുന്ന കക്കോടന്‍ മുഹമ്മദ് ജീവനക്കാരോട് പറഞ്ഞിരുന്നു. പുതിയ പ്രസ് വാങ്ങുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് അനുമതിയോടെ തീരുമാനവും എടുത്തിരുന്നു.
chandrika2

എന്നാല്‍, പൊടുന്നനെ സമീര്‍ ഇടപെട്ട പദ്ധതി നിര്‍ത്തിവയ്പ്പിച്ചു. നവീകരണ പദ്ധതി അട്ടിമറിച്ചു. മെഷീന്‍ വാങ്ങുന്ന സ്ഥാപനവുമായി സമീര്‍ ഉണ്ടാക്കിയ കമ്മീഷന്‍ കരാര്‍ നഷ്ടപ്പെടുമെന്ന സ്ഥിതി വന്നതാണ് പദ്ധതി അട്ടിമറിക്കാന്‍ കാരണമെന്നാണ് കക്കോടന്‍ മുഹമ്മദ് പറയുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടാല്‍ ലഭിക്കുമെന്നും ജീവനക്കാരുടെ കത്തിലുണ്ട്. അങ്ങിനെ എങ്കില്‍ ആ നാല് കോടി എവിടെ പോയെന്നാണ് ജീവനക്കാരുടെ ചോദ്യം.

ഗള്‍ഫില്‍ നിന്ന് പിരിച്ച തുക എവിടെ?
2017ല്‍ ഗള്‍ഫില്‍ നിന്ന് ചന്ദ്രികയുടെ നവീകരണത്തിന് വലിയ സംഖ്യ പരിച്ചെടുത്തിരുന്നുവെന്നും എന്നാല്‍, ഇതില്‍ ഒരു രൂപ പോലും ചന്ദ്രികയില്‍ എത്തിയില്ലെന്നും ജീവനക്കാര്‍ പറയുന്നു. അക്കൗണ്ട് സോഫറ്റ്വെയര്‍ സെന്‍ട്രലൈസിംഗിന് 35 ലക്ഷം രൂപ ചെലവഴിച്ചുവെങ്കിലും ഈ സംവിധാനം യാഥാര്‍ഥ്യമായില്ല, ന്യൂസ്പ്രിന്‍്റും മഷിയും ടെണ്ടര്‍ വിളിക്കാതെ തോന്നിയ വിലക്ക് വാങ്ങുന്നു, 2013-14 കാലത്ത് ചന്ദ്രികയുടെ ഔദ്യോഗിക കണക്ക് പ്രകാരം നഷ്ടം 85,600 രൂപയില്‍ താഴെയായിരുന്നുവെങ്കില്‍ തൊട്ടടുത്ത വര്‍ഷം ഇത് 3.69 കോടിയായി അഴിമതിയുടെ ഓരോ കണക്കും കത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. നോട്ട് നിരോധന കാലത്ത് ഫിനാന്‍സ് ഡയറക്ടര്‍ ചന്ദ്രിക അക്കൗണ്ടില്‍ 10 കോടിയിലധികം നിക്ഷേപിച്ചതും ഇതേ തുടര്‍ന്ന് ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നതും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.

ചന്ദ്രികയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ ആരോപണമുന്നയിച്ചിന് പിന്നാലെ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുസ്ലിംലീഗ് അഭിഭാഷകന്‍ മുഹമ്മദ് ഷായും മുഈനലി തങ്ങളും ചേര്‍ന്ന് ഇന്നലെ കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഈ വാര്‍ത്താസമ്മേളനത്തില്‍ എല്ലാ പ്രശനങ്ങള്‍ക്കും ഉത്തരവാദി പി കെ കുഞ്ഞാലിക്കുട്ടിയാണെന്നും ഹൈദരലി തങ്ങളുടെ രോഗാവസ്ഥക്ക് കാരണം ചന്ദ്രികയിലെ പ്രശ്നങ്ങള്‍ ആണെന്നും മുഈനലി തുറന്നടിച്ചു.

 

Most Popular