ഖത്തറില്‍ പുതിയ കോവിഡ് തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് കുട്ടികളെ; കൂറ്റന്‍ വാക്‌സിനേഷന്‍ സെന്റര്‍ ജനുവരി 9ന് തുറക്കും

Dr Hamad Al Rumaihi

ദോഹ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറില്‍ വര്‍ധിച്ച് വരുന്ന പുതിയ കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് കുട്ടികളെയെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍.

കഴിഞ്ഞ രണ്ട് മാസങ്ങളായി സാമൂഹിക വ്യാപനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ബാധിക്കപ്പെട്ടത് കുട്ടികളെയാണ്. രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞത് മൂലം പ്രതിരോധ ശേഷി കുറഞ്ഞവരെയും കൂടുതലായി ബാധിച്ചിട്ടുണ്ട്-ആരോഗ്യ സുരക്ഷാ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞു.

വരും ആഴ്ച്ചകളില്‍ കേസുകള്‍ ഇനിയും വര്‍ധിക്കുമെന്ന് ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ വീണ്ടും തുറക്കുന്നു
വ്യാപാര വ്യവസായ മേഖലയ്ക്കു വേണ്ടിയുള്ള ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ജനുവരി 9ന് വീണ്ടും തുറക്കും. ദിവസവും 30,000 ജീവനക്കാര്‍ക്ക് ഇവിടെ വാക്‌സിനേഷന്‍ നല്‍കാനാവും. ബൂസ്റ്റര്‍ ഡോസ് ക്യാമ്പയിന്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

28 ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ നല്‍കും. രാജ്യത്ത് ആവശ്യത്തിന് വാക്‌സിന്‍ ഡോസുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമിക്രോണ്‍ വകഭേദത്തിനെതിരേ സമൂഹത്തിന് സുരക്ഷ ഒരുക്കലാണ് മൂന്നാം ഡോസിന്റെ ലക്ഷ്യമെന്നും അല്‍ റുമൈഹി പറഞ്ഞു.