കുട്ടികളുടെ ഉപവാസം ആരോഗ്യനിലയെ ആശ്രയിച്ചെന്ന് ന്യൂട്രീഷന്‍ സ്‌പെഷ്യലിസ്റ്റ്

ദോഹ: വിശുദ്ധ റമദാന്‍ ദിനത്തില്‍ കുട്ടികളുടെ ഉപവാസം ശാരീരിക ഘടനയെയും ആരോഗ്യനിലയെയും ആശ്രയിച്ചായിരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ (എച്ച്എംസി) ക്ലിനിക്കല്‍ ന്യൂട്രീഷന്‍ സ്‌പെഷ്യലിസ്റ്റ് ഫാത്തിമ സുകായി പറഞ്ഞു.

കുട്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് മുതിര്‍ന്നവര്‍ ശ്രദ്ധിക്കണമെന്നും സുകായി ഓര്‍മിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികളുടെ വ്രതാനുഷ്ഠാനം ദിവസത്തിന്റെ പാതി വരെയായിരിക്കണം.

നിര്‍ജലീകരണത്തിലും രക്തത്തില്‍ പഞ്ചസാരയുടെ അളവിലും ഗണ്യമായ കുറവുണ്ടായാല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അത്തരമൊരു സാഹചര്യത്തില്‍ കുട്ടി ഉടന്‍ തന്നെ നോമ്പ് തുറക്കണം. പ്രമേഹമുള്ള കുട്ടികളെ ഉപവസിക്കാന്‍ അനുവദിക്കുകയാണെങ്കില്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ നിലയിലേക്ക് താഴാന്‍ സാധ്യതയുള്ളതിനാല്‍ ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെയും പോഷകാഹാര വിദഗ്ധരുടെയും മേല്‍നോട്ടം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. അമിതവണ്ണമോ അമിതഭാരമോ ഉള്ള കുട്ടികളെ സംബന്ധിച്ചു ഭക്ഷണം ക്രമീകരിക്കാനുള്ള അവസരമാണ് ഉപവാസമെന്നും സുകായി കൂട്ടിച്ചേര്‍ത്തു.