ദോഹ: പ്രമുഖ ടാക്സി ആപ്പ് ആയ ഊബറിനെതിരേ(uber) ഖത്തറിലെ(qatar) യാത്രക്കാരില്‍ നിന്ന് വ്യാപക പരാതി ഉയരുന്നു. ഡ്രൈവര്‍മാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ട്രിപ്പ് കാന്സലാക്കുന്നതായും അധിക ചാര്‍ജ് ഈടാക്കുന്നതായുമാണ് സോഷ്യല്‍ മീഡിയയില്‍ പരാതി ഉയരുന്നത്.
ഈ വിഷയത്തില്‍ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് ഉപയോക്താക്കളില്‍ ഒരാള്‍ ദോഹ ന്യൂസിനോട് പറഞ്ഞു. ഡ്രൈവര്‍മാര്‍ ട്രിപ്പ് കാന്‍സലാക്കുകയും അതിന്റെ പണം യാതൊരു അറിയിപ്പുമില്ലാതെ യാത്രക്കാരനില്‍ നിന്ന് ഈടാക്കുകയും ചെയ്യുന്നു.
ഇന്‍വോയിസില്‍ കോണ്ടാക്ട് നമ്പറോ ട്രാക്ക് ചെയ്യാന്‍ ഇന്‍വോയിസ് നമ്പറോ ഇല്ല. ബന്ധപ്പെടാനുള്ള യാതൊരു സംവിധാനവുമില്ല. നവംബര്‍ 1ന് വൈകീട്ട് റയ്യാന്‍ ലുലു സെന്ററില്‍ നിന്ന് ഊബര്‍ ബുക്ക് ചെയ്തു. ഡ്രൈവര്‍ വന്നില്ല. ട്രിപ്പ് കാന്‍സല്‍ ചെയ്ത കമ്പനി എന്റെ അക്കൗണ്ടില്‍ 5 റിയാല്‍ ഈടാക്കി- മറ്റൊരു ഉപയോക്താവ് പരാതിപ്പെട്ടു.
കമ്പനിയെയും കമ്പനിയുടെ സപ്പോര്‍ട്ട് ടീമിനെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നും നിരവധി പേര് പരാതിപ്പെടുന്നു.
10 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ ടാക്സിക്കായി കാത്തു നിര്‍ത്തി അവസാന നിമിഷം കാന്‍സല്‍ ചെയ്യുന്ന നിരവധി അനുഭവങ്ങള്‍ പലരും വിവരിച്ചു. ഉപയോക്താവ് ഫേസ് മാസ്ക്ക് ധരിച്ചില്ലെന്ന വ്യാജ കാരണം പറഞ്ഞ് ഡ്രൈവര്‍ ട്രിപ്പ് റദ്ദാക്കിയ സംഭവങ്ങളുമുണ്ട്.
ഒരേ യാത്രയ്ക്ക് രണ്ട് തവണ ചാര്‍ജ് ഈടാക്കിയ അനുഭവമുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വലിയ തോതില്‍ ചാര്‍ജ് വര്‍ധിപ്പിച്ചതായും പലരും വ്യക്തമാക്കി. 8 റിയാലിന്റെ ദൂരത്തിന് 16 മുതല്‍ 25 റിയാല്‍ വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്. 13 റിയാലിന്റെ സ്ഥാനത്ത് 30 മുതല്‍ 45 റിയാല്‍ വരെ വാങ്ങുന്നു. ന്യായമായ വര്‍ധനയ്ക്ക് പകരം ഒറ്റയടിക്ക് ചാര്‍ജ് കൂട്ടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു.
പരാതികളെക്കുറിച്ച് ഊബറുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ലെന്ന് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു.