ഗള്‍ഫില്‍ കൊറോണ രോഗികള്‍ 4000 കവിഞ്ഞു; മരണം 23

corona in gulf

ദോഹ: ഗള്‍ഫില്‍ കൊറോണ രോഗികളുടെ എണ്ണവും മരണവും കൂടുന്നു. സൗദി അറേബ്യയില്‍ രണ്ടും യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും മരണപ്പെട്ടതോടെ ഗള്‍ഫില്‍ മരണം 23 ആയി. ഇന്നലെ മാത്രം 299 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം നാലായിരം കവിഞ്ഞു.

സൗദി അറേബ്യയില്‍ പത്തും യുഎഇയില്‍ ആറും ബഹ്‌റയ്‌നില്‍ നാലും ഖത്തറില്‍ രണ്ടും ഒമാനില്‍ ഒരാളുമാണ് കോവിഡ് ബാധയേറ്റു മരിച്ചത്. അഞ്ചു പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. സൗദിയിലെ മദീനയില്‍ രണ്ടു വിദേശികളും യുഎഇയില്‍ ഒരു ഏഷ്യന്‍ വംശജനും മരിച്ചവരില്‍ ഉള്‍പ്പെടും. ഖത്തറില്‍ അമ്പത്തെട്ടുകാരനും ഒമാനില്‍ 72നായ സ്വദേശിയുമാണ് കോവിഡിനു കീഴടങ്ങിയ മറ്റു രണ്ടു പേര്‍.

പുതുതായി 299 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 4052 ആയി. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് സൗദിയിലാണ്; 1563 പേര്‍. യുഎഇയില്‍ രോഗം ഉറപ്പാക്കിയ 53ല്‍ 31 പേരും ഇന്ത്യക്കാരാണ്. ബഹറയ്‌നില്‍ പുതുതായി രോഗം സ്ഥിരീകരിച്ച 52ല്‍ 47ഉം പ്രവാസികളാണ്.

അതേ സമയം, ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണയെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്. സൗദിയിലും കുവൈത്തിലും കര്‍ഫ്യു ശക്തമാക്കി. ദുബയ് ദേര അല്‍റാസ് മേഖലയില്‍ രണ്ടാഴ്ചക്കാലം സമ്പൂര്‍ണ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇയില്‍ പുറത്തിറങ്ങുന്നതിനുള്ള രാത്രിവിലക്ക് തുടരും. മക്കയിലെ 5 മേഖലകളില്‍ പൂര്‍ണ സമയ കര്‍ഫ്യുവും കുവൈത്തിലെ രാത്രികാല കര്‍ഫ്യുവും മാറ്റമില്ലാതെ തുടരുന്നു. ലേബര്‍ ക്യാമ്പുകളില്‍ കൊറോണ പരിശോധനക്ക് യുഎഇ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന ദുബയിലെ നയിഫ് മേഖലയിലാണ് കൊറോണ ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിട്ടുള്ളത്.

corona death toll increase in gulf countries