ഖത്തറില്‍ കൊറോണ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ലഭ്യമല്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍

Qatar Indian Ambassdor P kumaran

ദോഹ: ഖത്തറില്‍ കൊറോണ രോഗബാധിതരായ എത്ര ഇന്ത്യക്കാരുണ്ടെന്ന വിവരം ലഭ്യമല്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍. രോബാധിതരുടെ രാജ്യം തിരിച്ചുള്ള വിവരങ്ങള്‍ ഖത്തര്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗബാധിതരുടെ രാജ്യം തിരിച്ചുള്ള പേരുവിവരങ്ങള്‍ പുറത്തുവിടുന്നത് സാമൂഹിവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഖത്തര്‍ വിശദീകരിച്ചിരിക്കുന്നത്. രോഗബാധിതന് വേണമെങ്കില്‍ അത് വെളിപ്പെടുത്താനുള്ള അനുമതിയുണ്ട്.

കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഇന്ത്യന്‍ പ്രവാസികള്‍ക്കായി ബന്ധപ്പെടാനായി എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. 44255747 എന്ന ലാന്റ്‌ലൈന്‍ നമ്പറിലും 55667569, 55647502 എന്നീ മൊബൈല്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. ഇതിനു പുറമേ എംബസി സെക്കന്റ് സെക്രട്ടറി ഡോ. സോന സോമന്റെ മൊബൈല്‍ നമ്പറിലും(33484669) അത്യാവശ്യ സാഹചര്യത്തില്‍ ബന്ധപ്പെടാം. രാവിലെ 9 മുതല്‍ രാത്രി 8 മണി വരെ ഈ നമ്പറില്‍ ബന്ധപ്പെടാം.

കൊറോണയെ തുടര്‍ന്നുള്ള യാത്രാവിലക്ക് മൂലം വിസാ കാലാവധി തീര്‍ന്നവര്‍ക്ക് അത് നീട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട അടിയന്തര വിവരങ്ങള്‍ ഖത്തറിലെ മുഴുവന്‍ ഇന്ത്യക്കാരിലേക്കും എത്തിക്കാന്‍ പ്രവാസി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ പ്രയോജനപ്പെടുത്തും. സംഘടനാ പ്രതിനിധികള്‍ വഴി വിവരങ്ങള്‍ താഴേത്തട്ടിലേക്ക് എത്തിക്കും.

രോഗവ്യാപനം തടയുന്നതിന് എംബസിയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ക്രമീകരണങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ അല്ലാതെ സേവനങ്ങള്‍ക്ക് എംബസിയെ സമീപിക്കരുത്. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് മുന്‍കൂട്ടി അപ്പോയിന്‍മെന്റ് വാങ്ങിയ ശേഷമേ എംബസിയിലേക്ക് വരാവൂ എന്നും അംബാസഡര്‍ നിര്‍ദേശിച്ചു. അപ്പോയിന്മെന്റിനും സംശയങ്ങള്‍ക്കും 44255706, 44255714, 44255711, 33913472, 44255725, 44255715 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

Corona: details of Indians not available-P Kumaran