ദോഹ: ബാച്ചിലര്‍മാര്‍ ഒരുമിച്ച് താമസിക്കുന്ന വില്ലകളിലും മുറികളിലും കൊറോണ വ്യാപനത്തിനുള്ള സാധ്യത ഏറെ. ദോഹയിലും പരിസരങ്ങളിലുമുള്ള പല ബാച്ചിലര്‍ മുറികളിലും അടുത്ത ദിവസങ്ങളിലുണ്ടായ അനുഭവങ്ങള്‍ തെളിയിക്കുന്നത് ഇതാണ്. വ്യത്യസ്ഥ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചെത്തിയാല്‍ ഒരേ കിച്ചനും ടോയ്‌ലറ്റും ഒരേ മുറിയുമാണ് പങ്ക് വയ്ക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരാള്‍ക്ക് രോഗബാധയുണ്ടായാല്‍ ബാക്കിയുള്ളവര്‍ക്കു മുഴുവന്‍ പകരാനുള്ള സാധ്യത ഏറെയാണ്.
ഖത്തറില്‍ വടകര ഭാഗത്തുള്ളവര്‍ ഒരുമിച്ച് താമസിക്കുന്ന വില്ലയില്‍ ഇത്തരത്തില്‍ അനുഭവുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്്തതിനെ തുടര്‍ന്ന് വില്ലയില്‍ താമസിക്കുന്നവരെ മുഴുവന്‍ ക്വാരന്റൈന്‍ ചെയ്യുകയായിരുന്നു. പല തരത്തിലുള്ള ഉപഭോക്താക്കളുമായി ഇടപഴകുന്ന ഗ്രോസറികളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. അത്തരക്കാര്‍ മുറിയിലെത്തി അശ്രദ്ധമായി പെരുമാറുമ്പോള്‍ രോഗം മറ്റുള്ളവരിലേക്കും എത്തുന്നു.
ബാച്ചിലര്‍ മുറികളില്‍ നമസ്‌കാരത്തിനായി ഒന്നിലധികം പേര്‍ ഒരേ മുസല്ല ഉപയോഗിക്കുന്നത് രോഗപ്പകര്‍ച്ചയ്ക്ക് കാരണമാവുന്നുണ്ട്. ഓരോരുത്തരും പ്രത്യേകം മുസല്ല ഉപയോഗിക്കുന്നതാണ് സുരക്ഷിതം. പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, പ്രായമാവര്‍ എന്നിവര്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണം.
ജോലി സ്ഥലത്തും ഷോപ്പിങിനും മറ്റും പോയി റൂമിലേക്ക് മടങ്ങിയാല്‍ താഴെപറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം
1. പാദരക്ഷകള്‍ മുറിക്ക് പുറത്ത് സൂക്ഷിക്കുക
2. മാസ്‌ക്കുകളും കൈയുറകളും ഊരി മാറ്റിയ ഉടനെ സുരക്ഷിതമായി ഉപേക്ഷിക്കുക. മുറിയില്‍ എത്തും മുമ്പ് തന്നെ സമീപത്തുള്ള ചവറ്റുകുട്ടയില്‍ ഇത് ഉപേക്ഷിക്കുന്നതായിരിക്കും ഉത്തമം.
3. വസ്ത്രങ്ങള്‍ ഊരി മാറ്റി ഇവ പ്രത്യേകമായി 60-70 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തില്‍ കഴുകുക
4. ഷോപ്പിങ് ചെയ്ത കവറുകള്‍ ഉപേക്ഷിക്കുക
5. പുറത്തു നിന്ന് വാങ്ങിക്കൊണ്ടുവന്ന കാനുകളും കുപ്പികളും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം മാത്രം ഉപയോഗിച്ചു തുടങ്ങുക. ഭക്ഷ്യ വസ്തുക്കളിലെ ലേബലുകളില്‍ അണുനാശിനികള്‍ തളിക്കുന്നത് നന്നാവും
6. കാരി ബാഗുകള്‍ ഉപയോഗിച്ച ശേഷവും കാനുകളും മറ്റും ഉപയോഗിക്കാനായി തുറക്കുകയും ചെയ്ത ശേഷം 20-30 സെക്കന്റ് നേരം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
7. പച്ചക്കറികളും പഴങ്ങളും വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ മുക്കിവച്ച ശേഷം കഴുകുക. ചീര, മല്ലിയില പോലുള്ള 10-15 മിനിറ്റ് നേരം വെള്ളത്തില്‍ മുക്കി വച്ച് കഴുകി ഉണക്കിയ ശേഷം വേണം ഉപയോഗിക്കാന്‍.
8. കാരിബാഗുമായി സമ്പര്‍ക്കത്തിലായ പ്രതലം മുഴുവന്‍ അണുനാശിനിയോ നേര്‍പ്പിച്ച ക്ലോറിനോ ഉപയോഗിച്ച് കഴുകുക.
Corona spreading is more likely in villas and rooms where bachelors live together.