ദോഹ: ഒറ്റപ്പെടുന്നതിന്റെ പ്രയാസമൊഴിച്ചാല്‍ ബാക്കിയെല്ലാം ഇവിടെയുണ്ട്. ഹൈസ്പീഡ് ഇന്റര്‍നെറ്റും ടിവിയും മുതല്‍ ഇഷ്ടപ്പെട്ട ഭക്ഷണം വരെ. കൊറോണ രോഗബാധിതര്‍ക്ക് സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഖത്തര്‍ നല്‍കുന്ന സൗകര്യങ്ങള്‍ വാഴ്ത്തി രണ്ടുമലയാളികള്‍.
നൂറനാട് സ്വദേശിയായ മധവും വടകര സ്വദേശിയായ മനത്താനത്ത് മുനീറുമാണ് എല്ലാവരും ഭീതിയോടെ കാണുന്ന കൊറോണ രോഗത്തിന്റെ ഖത്തറിലെ അനുഭവങ്ങള്‍ പങ്കുവച്ചത്.
രോഗംകണ്ടുപിടിച്ചതു മുതല്‍ ഭേദമാകുന്നതുവരെ ഖത്തര്‍നല്‍കിയ പിന്തുണയ്ക്ക് നന്ദിപറയാന്‍വാക്കുകകളില്ല. ഏറ്റവും മികച്ച പരിചരണവും ചികില്‍സയുമാണ് ലഭിച്ചത്. രോഗം അതിവേഗം ഭേദമാവാനും കാരണം അതുതന്നെ-നൂറനാട് സ്വദേശി മധു പറഞ്ഞു.
അന്ന് ടെസ്റ്റ് നടത്തിയിരുന്നില്ലെങ്കില്‍ വലിയ അബദ്ധമായേനേ
സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന മധു ഇപ്പോള്‍ പൂര്‍ണ രോഗവിമുക്തി നേടി നിരീക്ഷണത്തിലാണ്. ഖത്തറില്‍ തിരിച്ചെത്തിയ ഏതാനും സുഹൃത്തുക്കളെ ക്വാരന്റൈന്‍ കേന്ദ്രത്തില്‍ കൊണ്ടുചെന്നുവിടാന്‍ പോയതായിരുന്നു മധു. അവരോടൊപ്പം വെറുതെ ടെസ്റ്റ് നടത്തിയപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്.
ചെറിയ തൊണ്ടവേദന ഉണ്ടായിരുന്നു. കാലാവസ്ഥ മാറിയതുകൊണ്ടാണെന്നാണു കരുതിയത്. എന്നാല്‍, പരിശോധന നടത്തിയപ്പോള്‍ റിസള്‍ട്ട് പോസിറ്റീവ് ആയിരുന്നു. ഉടനെ തന്നെ ആശുപത്രിയിലേക്കു മാറ്റി- മധു പറഞ്ഞു.
അവര്‍ പരിശോധന നടത്തിയിരുന്നില്ലെങ്കില്‍ ആളുകളുമായി ബന്ധപ്പെടുകയും കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടാവുകയും ചെയ്‌തേനെ. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യവും ഖത്തര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന സൂക്ഷ്മതയുമാണ് ഇത് സൂചിപ്പിക്കുന്നത്.
ഇവിടെ വീടുപോലെ; ഡോക്ടര്‍മാരുടെ സ്‌നേഹസ്പര്‍ശം
തുടക്കത്തില്‍ കടുത്ത പ്രയാസത്തിലായിരുന്നെങ്കിലും ഡോക്ടര്‍മാരും നഴ്‌സുമാരും നല്‍കിയ മാനസിക പിന്തുണ വലിയ ആശ്വാസം പകര്‍ന്നു. സ്വന്തം വീട്ടില്‍ കിടക്കുന്നതുപോലെയായിരുന്നു എനിക്ക് അനുഭവപ്പെട്ടത്.
വീട്ടുകാര്‍ വലിയ ആശങ്കയിലായിരുന്നു. എന്നാല്‍, ചികില്‍സാ കേന്ദ്രത്തിലെ ഹൈസ്പീഡ് വൈഫൈ സൗകര്യം ഉപയോഗിച്ച് അവരുമായി ദിവസവും വീഡിയോ കോളില്‍ ബന്ധപ്പെട്ടതോടെ താന്‍ സുരക്ഷിത കരങ്ങളിലാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. സൗജന്യമായി വസ്ത്രം, ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ഭക്ഷണം, കുളിക്കാനുള്ള ടവലുകള്‍, ടൂത്ത് ബ്രഷ് തുടങ്ങി എല്ലാം ഇവിടെയുണ്ട്. രോഗം ബാധിച്ചാല്‍ പരിഭ്രാന്തി വേണ്ടെന്നും ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം ഏറ്റവും മികച്ചതാണെന്നും മധു സാക്ഷ്യപ്പെടുത്തുന്നു.
ടാക്‌സി ഡ്രൈവറായ മുനീറിന്റെ അനുഭവം
സമാനമായ അനുഭവം തന്നെയാണ് കോഴിക്കോട് നാദാപുരം അരൂര്‍ മനത്താനത്ത് മുനീറിനും പങ്കുവയക്കാനുള്ളത്. 13 വര്‍ഷമായി ഖത്തറില്‍ ടാക്‌സി ഓടിക്കുന്ന മുനീറിന് ഏതോ യാത്രക്കാരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു.
മാര്‍ച്ച് 12ന് ഓട്ടം കഴിഞ്ഞ് ദോഹ ജദീദിലെ റൂമില്‍ എത്തി രാത്രിയോടെയാണ് ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടുന്നത്. ശ്വാസംകഴിക്കാന്‍ ബുദ്ധിമുട്ട്. വെള്ളം കുടിക്കാന്‍ പോലുമാകാതെ തളര്‍ച്ച. ഉടന്‍ 999 നമ്പറില്‍ വിളിച്ച് ആംബുലന്‍സ് വരുത്തി ഹമദ് ആശുപത്രിയുടെ അടിയന്തരവിഭാഗത്തിലെത്തുകയായിരുന്നു. കഫം പരിശോധനാ ഫലം വന്നപ്പോള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് മനസ്സിലായി. മുനീറിനെ അധികൃതര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ 33ലെ കോവിഡിനായുള്ള ആശുപത്രിയിലേക്ക് മാറ്റി.

കഠിനമായ ദിനങ്ങള്‍
ആ ദിവസങ്ങള്‍ കഠിനമായിരുന്നുവെന്ന് മുനീര്‍ പറയുന്നു. തുടര്‍ച്ചയായ ചുമ മുതല്‍ ശ്വാസം കഴിക്കാന്‍വരെ പ്രയാസമായിരുന്നു. ശരീരം മുഴുവന്‍ കടുത്ത വേദന. എന്നാല്‍, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പരിചരണം എല്ലാറ്റിനും ആശ്വാസം പകര്‍ന്നുവെന്ന് മുനീറും സാക്ഷ്യപ്പെടുത്തുന്നു.
ധരിക്കാനുള്ള വസ്ത്രങ്ങള്‍ മുതല്‍ വൈഫൈ വരെ
എല്ലാസൗകര്യങ്ങളുമുള്ള മുറിയാണ് അനുവദിച്ചത്. രണ്ട് മണിക്കൂര്‍ ഇടവിട്ട് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങി എല്ലാവിധ പരിശോധനകളും നടത്തി. മൂന്നുദിവസം കഴിഞ്ഞുള്ള ഫലം വന്നപ്പോള്‍ നെഗറ്റീവ്. തുടര്‍ന്ന് മറ്റ് 13 പേരോടൊപ്പം ഉംസെയ്ദിലെ ആശുപത്രിയിലേക്കും പിന്നീട് ഉംസലാല്‍ അലിയിലെ ക്വാരന്റൈന്‍ കേന്ദ്രത്തിലേക്കും മാറ്റി. അഞ്ചു ജോഡി ടി-ഷര്‍ട്ടും പാന്റുകളും വൈഫൈ സൗകര്യവുമടക്കം കിട്ടിയെന്ന് മുനീര്‍ പറയുന്നു. മൂനിറിന്റെ കൂടെ താമസിച്ചിരുന്നുവര്‍ക്കൊന്നും രോഗം പകര്‍ന്നിട്ടില്ല. താന്‍ മൂലം ആര്‍ക്കും രോഗം വന്നില്ലെന്ന സമാധാനത്തിനിടയിലും പ്രവാസികള്‍ക്കടക്കം മെച്ചപ്പെട്ട ചികിത്സയൊരുക്കുന്ന ഖത്തറിന് നന്ദി അറിയിക്കുകയാണ് മുനീര്‍.