ദോഹ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി നേരിടുന്നതിന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നേതൃത്വത്തില്‍ നടന്ന സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തു.
മാര്‍ച്ച് 18 മുതല്‍ കാര്‍ഗോ, ട്രാന്‍സിറ്റ് വിമാനങ്ങള്‍ ഒഴികെ ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുക, ഇന്ന് രാത്രി 10 മണി മുതല്‍ ദോഹ മെട്രോ, കര്‍വ ബസ്സ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കുക തുടങ്ങിയവ പ്രധാന തീരുമാനങ്ങളില്‍പ്പെടുന്നു.
55 വയസിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, കിഡ്‌നി രോഗം തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവര്‍ എന്നിവരെ വീടുകളില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുക എന്നതാണ് മൂന്നാമത്തെ തീരുമാനം.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാര്‍ച്ച് 22 മുതല്‍ വിദൂരവിദ്യാഭ്യാസ സംവിധാനം തുടങ്ങും. സ്വകാര്യ സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും അതത് അക്കാദമിക് കലണ്ടര്‍ പ്രകാരം വിദൂര വിദ്യാഭ്യാസ സംവിധാനം ആരംഭിക്കും.
സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതാണ് മറ്റു തീരുമാനങ്ങള്‍. സ്വകാര്യ മേഖലയ്ക്ക് 75 ബില്യന്‍ റിയാലിന്റെ സഹായം സര്‍ക്കാര്‍ നല്‍കും. ലോണുകളുടെ തിരിച്ചടവ് ദീര്‍ഘിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുക, ഭക്ഷ്യ മെഡിക്കല്‍ മേഖലയെ ആറ് മാസത്തേക്ക് കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കുക, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, ചെറുകിട വ്യവസായം, വാണിജ്യ സമുഛയങ്ങള്‍ എന്നിവയ്ക്ക് വൈദ്യുദി-ജല ബില്ലുകള്‍ ഒഴിവാക്കുക തുടങ്ങിയ ഉത്തരവുകളുമുണ്ട്.