ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 200ലേറെ പേര്‍ക്ക്; രണ്ടു മരണം

corona gulf contries

ദോഹ: നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമ്പോഴും ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ഇന്ന് 200ലേറെ പേര്‍ക്കാണ് മൂന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചത്. കുവൈത്തി-109, സൗദി അറേബ്യ-61, ഒമാന്‍-33 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

കുവൈത്തില്‍ പുതുതായി 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 665 ആയി. പുതുതായി രോഗം ബാധിച്ചവരില്‍ 79 പേര്‍ ഇന്ത്യന്‍ പ്രവാസികളാണ്.

സൗദി അറേബ്യയില്‍ 61 പേര്‍ക്ക്കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയ വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 2,463 ആയി. ജിദ്ദയില്‍ 20, മക്കയില്‍ 10, റിയാദില്‍ 9, മദീനയില്‍ 8, ഖതീഫിലും ഖമീസ് മുശൈത്തിലും ആറ് വീതം, ദമ്മാമില്‍ രണ്ട് എന്നിങ്ങിനെയാണ് പുതിയ രോഗികളുടെ എണ്ണം.

ഒമാനില്‍ 33 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയി ഉയര്‍ന്നു. ഇതില്‍ മസ്‌കത്ത് മേഖലയില്‍ ചികിത്സയിലിരുന്ന രണ്ടുപേര്‍ മരണപ്പെട്ടു. 61 പേര്‍ ഇതിനകം സുഖം പ്രാപിക്കുകയും ചെയ്തു.

ഖത്തറില്‍ ഇന്നലെ 279 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം മൊത്തം രോഗബാധിതരുടെ എണ്ണം 1604 ആയി.