ദോഹ: കൊറോണ പ്രതിരോധത്തില്‍ ഖത്തര്‍ സര്‍ക്കാരിന് പിന്തുണയുമായി വ്യക്തികളുടെയും കമ്പനികളുടെയും സഹായമൊഴുകുന്നു. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും സംഭാവന സ്വീകരിക്കാനും സര്‍ക്കാര്‍ പ്രത്യേക വെബ്‌സൈറ്റ് തുറന്നു.
https://sci.adlsa.gov.qa/ എന്ന വെബ്‌സൈറ്റില്‍ സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ ലഭ്യമാവും. ഇതുവഴി സംഭാവന നല്‍കുകയും ചെയ്യാം. സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റിന് കീഴില്‍ ഇതിനായി പ്രത്യേക മ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വലിയ തോതില്‍ സഹായം ലഭിച്ചുകൊണ്ടിരിക്കുന്നതായി കമ്മിറ്റി മേധാവി മൂസ ഖാലിദ് അല്‍ മുഹന്നദി പറഞ്ഞു.
ഖത്തറിലെ കമ്പനികളും വ്യക്തികളും ഇതിനകം 78 ദശലക്ഷം റിയാല്‍ സാമ്പത്തിക സഹായമായി നല്‍കി. ഖത്തര്‍ നാഷനല്‍ ബാങ്ക് 50 ദശലക്ഷം റിയാലാണ് നല്‍കിയത്. മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബഹറിന്റെ മക്കള്‍ 10 ദശലക്ഷം റിയാലും മുഹമ്മദ് ജാസിം അല്‍ കുവാരി 3 ദശലക്ഷം റിയാലും സംഭാവന നല്‍കി.
ക്വാരന്റൈനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വിട്ടുകൊടുത്ത ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, ലേബര്‍ ക്യാംപുകള്‍ എന്നിവയുടെ എണ്ണം 70 ആയി. കത്താറ ഹോസ്പിറ്റാലിറ്റി, ആസ്പയര്‍ സോണ്‍, അല്‍ ഖയ്യാത്ത് ഗ്രൂപ്പ്, റീജന്‍സി ഹോള്‍ഡിങ് തുടങ്ങിയ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ഇക്കാര്യത്തില്‍ വലിയ സംഭാവന വഹിച്ചിട്ടുണ്ട്. അല്‍ മുതകമ്മല വെഡ്ഡിങ് കമ്പനി ടെന്റുകളും മൊബൈല്‍ ഹാളുകളും ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ നിര്‍മിക്കുന്നതിന് വേണ്ടി വിട്ടുനല്‍കി.
155ഓളം കമ്പനികള്‍ കൊറോണ പ്രതിരോധത്തിന് വിവിധ തരത്തിലുള്ള സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യുകെയര്‍ നഴ്‌സിങ് കമ്പനി നഴ്‌സുമാരുടെ സേവനമാണ് വിട്ടുകൊടുത്തത്.
COVID-19: Qatar launches portal for contributions as help comes in cash and kind