ഖത്തറിലെ ഹസം മെബെയ്‌രിക് ആശുപത്രിയില്‍ കൊറോണ ചികില്‍സാ ടെന്റുകള്‍ കാറ്റില്‍ തകര്‍ന്നു; നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

Hazm mebaireek hospital covid treatment tents collapsed

ദോഹ: ഖത്തറിലെ ഹസം മെബെയ്‌രിക് ആശുപത്രിയില്‍ കൊറോണ രോഗികളുടെ ചികില്‍സയ്ക്കായി നിര്‍മിച്ച ടെന്റുകള്‍ കാറ്റിലും മഴയിലും തകര്‍ന്നതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 76 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിലാണ് ഈയിടെ നിര്‍മിച്ച താല്‍ക്കാലിക ടെന്റുകള്‍ തകര്‍ന്നത്.

ഇവിടെയുണ്ടായിരുന്ന എല്ലാ രോഗികളെയും ഉടന്‍ ഒഴിപ്പിച്ചു. രോഗികള്‍ക്ക് ആര്‍ക്കും പരിക്കില്ല. അതേ സമയം, രോഗികള്‍ക്കു സുരക്ഷ ഒരുക്കി ഒഴിപ്പിക്കുന്നതിനിടയില്‍ 23 ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഭൂരിഭാഗവും നിസാര പരിക്കുകളാണ്. ഇവര്‍ക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കി.

ആശുപത്രിയുടെ മറ്റുഭാഗങ്ങള്‍ക്കൊന്നും കേടുപാടില്ല. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സിസ്റ്റം വൈഡ് ഇന്‍സിഡന്റ് കമാന്‍ഡ് കമ്മിറ്റി അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

സംഭവം ഗൗരവത്തിലെടുക്കുന്നതായും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഹസം മെബെയ്‌രിക് ജനറല്‍ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസയ്ന്‍ ഇസ്ഹാഖ് പറഞ്ഞു. രോഗികള്‍ക്ക് ആര്‍ക്കും പരിക്കില്ലാതെ സാഹസികമായി രക്ഷിച്ച ആശുപത്രി ജീവനക്കാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇവിടെ ചികില്‍സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗികളെ റാസ്‌ലഫാന്‍ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഗൗരവത്തില്‍ എടുക്കുന്നതായും അപകടത്തെ കുറിച്ച് സമ്പൂര്‍ണ അന്വേഷണം നടത്തുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

The Ministry of Public Health said that a storm with 72 kilometre per hour winds and heavy rain caused two expansion tents at Hazm Mebaireek General Hospital (HMGH) to collapse.