ദോഹ: ഇന്ത്യയില്‍ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ഖത്തറില്‍ രണ്ടാം ഡോസ് നല്‍കിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര് ഈ സൗകര്യം പ്രയോജനപ്പെടുത്തി. അസ്ട്രസെനക വാക്സിനാണ് ഖത്തറില്‍ രണ്ടാം ഡോസ് ആയി നല്‍കുന്നത്.
ആദ്യ ഡോസെടുത്ത് 12 മുതല്‍ 16 ആഴ്ചവരെ ഇടവേളക്കുശേഷം (84 ദിവസത്തിനുശേഷം) രണ്ടാം ഡോസ് എടുത്താല്‍ മതിയെന്നാണ് ഇന്ത്യാ ഗവണ്മെന്റിന്റെ ഏറ്റവും പുതിയ നിര്‍ദേശം. ഇതുപ്രകാരം രണ്ടാം ഡോസ് നാട്ടില്‍ സ്വീകരിക്കാനുള്ള സാഹചര്യമില്ലാത്തവര്‍ക്കാണ് ഖത്തറിന്റെ നിര്‍ദേശം പ്രയോജനം ചെയ്യുന്നത്.
രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ കോവിഷില്‍ഡ് ഫസ്റ്റ് ഡോസ് എടുത്തത്തിന്റെ സര്‍ട്ടിഫിക്കറ്റ് കോപ്പിയും ഖത്തര്‍ ഐ.ഡി കോപ്പിയും അയച്ച് അപ്പോയ്ന്മെന്റ് എടുക്കണം. സമീപ പ്രദേശങ്ങളിലെ പിഎച്ച്എസ്സിയെയും സമീപിക്കാം. തുടര്‍ന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നും വാക്സിനേഷന് തിയതിയും സമയവും അറിയിച്ച് സന്ദേശമെത്തും. വാക്സിന് എടുക്കാന്‍ ചെല്ലുമ്പോള്‍ ഹെല്‍ത്ത് കാര്‍ഡ്, ഖത്തര്‍ ഐഡി, കോവിഷീല്‍ഡ് ഫസ്റ്റ് ഡോസ് വാക്സിന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവ കൈയില്‍ കരുതണം.
ഖത്തറില്‍നിന്ന് രണ്ടാംഡോസ് സ്വീകരിച്ച് ഒരാഴ്ച മുതല്‍ 10 ദിവസത്തിനുള്ളില്‍ ഇഹ്തിറാസ് ആപ്പില്‍ ‘വാക്സിനേറ്റഡ്’ എന്ന സ്റ്റാറ്റസ് കാണിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍, രണ്ടാം ഡോസ് ഇവിടെ സ്വീകരിക്കുമ്പോള്‍ തന്നെ ഇരുഡോസുകളും എടുത്തതായി കാണിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇഹ്തിറാസ് അപ്ഡേറ്റ് ചെയ്യുന്നത് വരെ ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.
ALSO WATCH