ദോഹ: കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോവുന്നതെന്ന് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. യോഗ്യരായ മുഴുവന്‍ ആളുകളും ഉടന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതേ സമയം, അവധിയിലുള്ള മുഴുവന്‍ ജീവനക്കാരോടും ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍(പിഎച്ച്‌സിസി) ആവശ്യപ്പെട്ടു.
പുതിയ ഒമിക്രോണ്‍ വകഭേദം ഖത്തറില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കാന്‍ ഇടയാക്കിയേക്കും. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന വകഭേദമാണ് ഒമിക്രോണെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്നലെ രാജ്യത്ത് 343 കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 108 പേര്‍ യാത്രക്കാരായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
പിഎച്ച്‌സിസി ജീവനക്കാരുടെ അവധി റദ്ദാക്കി
ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ മുഴുവന്‍ ജീവനക്കാരുടെയും വെക്കേഷന്‍ റദ്ദാക്കി. രാജ്യത്തിന് പുറത്തുള്ളവരോട് ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. കോവിഡിന്റെ പുതിയ സാഹചര്യവും ലോകത്താകമാനമുള്ള അതിന്റെ വ്യാപനവും കണക്കിലെടുത്താണ് തീരുമാനമെന്ന് പിഎച്ച്‌സിസി അറിയിച്ചു. ഏതു സാഹചര്യത്തെയും നേരിടാനാവും വിധം ആരോഗ്യ മേഖലയെ തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍, നഴ്‌സിങ്, ലബോറട്ടറി, റേഡിയോളജി, ഫാര്‍മസി, ക്ലിനിക്കല്‍ സപ്പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റുകള്‍, കോവിഡ് പ്രതിരോധവുമായി നേരിട്ട് ബന്ധപ്പടുന്ന വകുപ്പുകള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരുടെ അവധികളാണ് ഇനിയൊരു അറിയിപ്പ് വരെ റദ്ദാക്കിയത്.