ഹമദ് തുറമുഖത്ത് ആയുധങ്ങള്‍ പിടിച്ചുവെന്ന വാര്‍ത്ത നുണ

ദോഹ: ഖത്തറിലെ ഹമദ് തുറമുഖം വഴി ആയുധം കടത്താനുള്ള ശ്രമം പിടികൂടിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് കസ്റ്റംസ് ജനറല്‍ അതോറിറ്റി ട്വിറ്ററില്‍ അറിയിച്ചു.

പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങളില്‍ ഉള്ളത് പെയിന്റ്‌ബോള്‍ ഗെയിമില്‍ ഉപയോഗിക്കുന്ന കളിത്തോക്കുകളാണ്. വര്‍ണങ്ങള്‍ നിറച്ചിട്ടുള്ള ബോളുകള്‍ അടങ്ങിയ ട്യൂബുകളാണ് ആയുധങ്ങളുടെ രൂപത്തില്‍ കാണുന്നത്. ഇത്തരം കളിപ്പാട്ടം ഖത്തര്‍ പിവണിയില്‍ ലഭ്യമല്ല. ബന്ധപ്പെട്ട അധികൃതരുടെ പ്രത്യേക അനുമതിയോട് കൂടി മാത്രമേ ഇത് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കൂ. അത്തരം അനുമതി ഇല്ലാത്തതു മൂലമാണ് ഇവ തുറമുഖത്ത് തടഞ്ഞുവച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

 

ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതരുമായി ബന്ധപ്പെട്ട് വസ്തുത ഉറപ്പു വരുത്തണമെന്നും കസ്റ്റംസ് വിഭാഗം ആവശ്യപ്പെട്ടു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹമദ് തുറമുഖത്ത് ആയുധങ്ങള്‍ പിടികൂടിയെന്ന രീതിയില്‍ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.