നാല് മാസത്തിനിടെ മീന്‍ വില 23 ശതമാനം കുറഞ്ഞു

ദോഹ: 2108ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ നാല് മാസത്തിനിടെ മീന്‍വിലയില്‍ 23 ശതമാനത്തോളം കുറവ് വന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം. മീനിന്റെ വില വിവരപ്പട്ടിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ദിവസേന പ്രസിദ്ധീകരിച്ച് തുടങ്ങിയതോടെയാണ് വിലയില്‍ കുറവ് വന്നത്.

2019 സപ്തംബര്‍ 9 മുതല്‍ 2019 ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ ജനപ്രിയ മല്‍സ്യമായ അയക്കൂറയ്ക്ക് 26 ശതമാനമാണ് വിലക്കുറവുണ്ടായത്. സാഫി ഫിഷിന് 30 ശതമാനം വില കുറഞ്ഞതായും മന്ത്രാലയം ജനുവരിയില്‍ പുറത്തുവിട്ട ഉപഭോക്തൃ റിപോര്‍ട്ടില്‍ പറയുന്നു. മാസംതോറുമുള്ള വില താരതമ്യത്തില്‍ ഒക്ടോബറില്‍ 32 ശതമാനം, നവംബറില്‍ 27 ശതമാനം, ഡിസംബറില്‍ 24 ശതമാനം വീതം വില കുറഞ്ഞു. 2018 ഇതേ കാലയളവുമായി താരതമ്യം ചെയ്താണ് വിലക്കുറവ് കണക്കാക്കുന്നത്.

2019 സപ്തംബര്‍ 9 മുതലാണ് മീനിന്റെയും സീഫുഡിന്റെയും പരമാവധി വില നിശ്ചയിച്ചുകൊണ്ട് മന്ത്രാലയും ദിവസേനയുള്ള പട്ടിക പുറത്തിറക്കാന്‍ തുടങ്ങിയത്. ഇത് മല്‍സ്യവില തോന്നിയതു പോലെ ഈടാക്കുന്നത് തടയാന്‍ സഹായകമായി. മല്‍സ്യബന്ധനക്കാര്‍ക്കും വ്യാപാരികള്‍ക്കും മാന്യമായ ലാഭം ലഭിക്കുന്നതും ഉപഭോക്താക്കള്‍ക്ക് മിതമായ വിലയില്‍ മല്‍സ്യം ലഭിക്കുന്നതുമായ രീതിയിലാണ് ദിവസേനയുള്ള പരമാവധി വില നിശ്ചയിക്കുന്നത്.

Conent Highlights: Daily bulletin brings down fish prices by 23%: Ministry