ഡേവിഡ് ബെക്കാം ഖത്തര്‍ ലോക കപ്പിന്റെ അംബാസഡറാവും

DAVID Beckham WITH Nasser al-Khelaifi
ഡേവിഡ് ബെക്കാം നാസര്‍ അല്‍ ഖലൈഫിക്കൊപ്പം

ദോഹ: ലോകത്ത് നിരവധി ആരാധകരുള്ള ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാം(DAVID Beckham) 2022 ഖത്തര്‍ ലോകകപ്പിന്റെ അംബാസഡറാവും(Qatar world cup ambassador). ദി സണ്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, ബെക്കാമുമായുള്ള കരാര്‍ തുകയുടെ കണക്ക് പര്‍വ്വതീകരിച്ചതാണെന്നും റിപോര്‍ട്ടുണ്ട്.

150 ലക്ഷം യൂറോയ്ക്കാണ് ബെക്കം ഖത്തര്‍ ലോക കപ്പ് സംഘാടകരുമായി കരാര്‍ ഒപ്പിട്ടത് എന്നായിരുന്നു ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഇത് പര്‍വ്വതീകരിച്ച വാര്‍ത്തയാണെന്നും കരാറിന്റെ യഥാര്‍ത്ഥ തുക കുറവാണെന്നും ലോകകപ്പ് സംഘാടകവൃത്തങ്ങള്‍ അറിയിച്ചു. ഒരു വര്‍ഷത്തേക്ക് 150 ലക്ഷം യൂറോ എന്ന നിലയില്‍ 10 വര്‍ഷത്തേക്കാണ് കരാര്‍ എന്നാണ് റിപോര്‍ട്ടുകളില്‍ പറയുന്നത്.

കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ബ്രിട്ടീഷ് പത്രങ്ങള്‍ കൂടിയ കരാര്‍ തുകയെ കുറിച്ച് വാര്‍ത്തകള്‍ പടച്ചുവിട്ടതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സംഘാടകന്‍ കൂട്ടിച്ചേര്‍ത്തു. സൂക്ക് വാഖിഫും മുശൈരിബുമടക്കമുള്ള ഖത്തറിലെ സ്ഥലങ്ങളില്‍ ബെക്കാം ഈയിടെ സന്ദര്‍ശനം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് കരാര്‍ വാര്‍ത്ത പുറത്തുവന്നത്.

സുപ്രീം കമ്മിറ്റി അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഖത്തര്‍ പൗരനായ പിഎസ്ജി ഉടമ നാസര്‍ അല്‍ ഖലൈഫിയുമായി മികച്ച ബന്ധമാണ് ബെക്കാമിനുള്ളത്. ഈ ബന്ധവും ബെക്കാമിനെ തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിച്ചതായാണ് റിപോര്‍ട്ട്.