ഖത്തറില്‍ മരിച്ച കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടു പോയി

coimbatore death qatar airways

ദോഹ: ഖത്തറില്‍ കഴിഞ്ഞയാഴ്ച്ച മരിച്ച കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടു പോയി. ഇന്ന് വൈകുന്നേരത്തേ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.

മാര്‍ച്ച് 29ന് മരിച്ച കോയമ്പത്തൂര്‍ സ്വദേശി വിനോദിന്റെ മൃദതേഹമാണ് വൈകീട്ട് 7.30ന്റെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ കൊണ്ടുപോയത്. പുലര്‍ച്ചെയോടെ വിമാനം നാട്ടിലെത്തും.

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഖത്തറില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചിരുന്നു. എന്നാല്‍, നാട്ടിലേക്കു യാത്രാവിമാനം ഇല്ലാത്തതിനാല്‍ തൃശൂര്‍ സ്വദേശി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇവിടെ തന്നെ അടക്കുകയായിരുന്നു. കോയമ്പത്തൂര്‍ സ്വദേശിയുടെ ബന്ധുക്കള്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവിധ ഡിപാര്‍ട്ട്‌മെന്റുകളുമായി ബന്ധപ്പെട്ടാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവാനുള്ള വഴിയൊരുക്കിയത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ചരക്കുവിമാനത്തിലാണ് മൃതദേഹം കൊണ്ടു പോയത്.

ഖത്തര്‍ എയര്‍വെയ്‌സ് 19 ചരക്കു വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് പറത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബോയിങ് 777-330ഇആര്‍, ബോയിങ് 787 ഡ്രീംലൈനര്‍ യാത്രാ വിമാനങ്ങളാണ് ഖത്തര്‍ ചരക്കുവിമാനമായി ഉപയോഗിക്കുന്നത്. ഡല്‍ഹി(ആഴ്ച്ചയില്‍ മൂന്ന് തവണ), ഹൈദരാബാദ്(ആഴ്ച്ചയില്‍ രണ്ടു തവണ), ബംഗളൂരു(ആഴ്ച്ചയില്‍ മൂന്ന് തവണ), മുംബൈ(ആഴ്ച്ചയില്‍ അഞ്ചു തവണ), കൊല്‍ക്കത്ത(ആഴ്ച്ചയില്‍ രണ്ടു തവണ) എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍.

ഇതോടെ ഇന്ത്യയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ ചരക്കു കടത്ത് ശേഷി 2,120 ടണ്ണില്‍ നിന്ന് 2,535 ടണ്ണായി ഉയരും.