ഖത്തറില്‍ പച്ചപ്പ് നശിപ്പിക്കുന്നവര്‍ക്ക് പിടിവീഴും; ശിക്ഷ തടവും പിഴയും

ദോഹ: ചെടികളും പുല്ലുകളും വളര്‍ന്ന് കിടക്കുന്ന പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍ നശിപ്പിച്ച ഹെവി വാഹനങ്ങള്‍ക്കെതിരേ ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിച്ചു. പിഴയും തടവും വാഹനം പിടിച്ചെടുക്കുന്നതുമുള്‍പ്പെടെയുള്ള ശിക്ഷകളാണ് ഇവര്‍ക്ക് ലഭിക്കുക.

്അല്‍ മസ്‌റൂഅ, റൗദത്ത് സാലിമിയ, റൗത്ത് ഉം ഖര്‍ന്, അല്‍ ഉതൂരിയ, റൗദത്ത് അല്‍ നുഅ്മാന്‍ എന്നിവടങ്ങളിലാണ് നിയമലംഘനങ്ങള്‍ പിടികൂടിയത്. പ്ലാന്റ് എന്‍വയേണ്‍മെന്റ് നശിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. പ്രകൃതിയാല്‍ വളര്‍ന്നതോ, നട്ടുപിടിപ്പിച്ചതോ ആയ ചെടികള്‍, മരങ്ങള്‍, പച്ചപ്പുല്ല് തുടങ്ങിയവ ഉള്ള സ്ഥലങ്ങളെയാണ് പ്ലാന്റ് എന്‍വയേണ്‍മെന്റ് ആയി പരിഗണിക്കുന്നത്. കൃഷിക്കുപയോഗിക്കുന്നത് ്അല്ലാത്തതും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതുമായ ഇത്തരം സ്ഥലങ്ങളെ സംരക്ഷിത പ്രദേശങ്ങളായാണ് പരിഗണിക്കുന്നത്.

2000 റിയാല്‍ മുതല്‍ 20,000 റിയാല്‍ വരെ പിഴയും മൂന്ന് മാസംവരെ തടവുമാണ് ഇത്തരം കുറ്റങ്ങള്‍ക്കുള്ള ശിക്ഷ. കുറ്റത്തിന് കാരണമായ വാഹനങ്ങളും ഉപകരണങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്യും.