ദോഹ: പ്രതിസന്ധികളെ വിശ്വാസത്തിന്റെ കരുത്തു കൊണ്ട് അതിജയിച്ച പ്രവാചക അനുചരന്‍ ബിലാല്‍ ഇബ്‌നു റബാഹിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ”നക്ഷത്രങ്ങള്‍ കരയാറില്ല” ഡോക്യൂ-ഡ്രാമ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പിലേക്കെത്തുന്നു. തനിമ ഖത്തറും യൂത്ത്‌ഫോറം ഖത്തറും സംയുക്തമായാണ് ഡോക്യൂ-ഡ്രാമയുടെ പുനരാവിഷ്‌ക്കാരം ഓണ്‍ലൈനിലൂടെ അവതരിപ്പിക്കുന്നത്. ബലി പെരുന്നാള്‍ ദിനത്തില്‍ വൈകീട്ട് 7 മണിക്ക് യൂത്ത് ഫോറത്തിന്റെയും തനിമയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ ലൈവ് ആയാണ് പരിപാടി ജനങ്ങളിലേക്കെത്തിക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉസ്മാന്‍ മാരാത്ത് രചനയും രംഗ ഭാഷ്യവുമൊരുക്കിയ ”നക്ഷത്രങ്ങള്‍ കരയാറില്ല” ഡോക്യൂ-ഡ്രാമ 2012 മെയ് മാസത്തിലാണ് ആദ്യമായി അരങ്ങിലെത്തിയത്. ഒരിക്കല്‍ക്കൂടി കാണുവാന്‍ പ്രേക്ഷകര്‍ കൊതിച്ചിരുന്ന ഡോക്യൂ-ഡ്രാമയുടെ ആദ്യത്തെ രംഗദൃശ്യങ്ങളോടൊപ്പം പുതിയ വിഷ്വലുകള്‍ കൂടി ഒരുക്കി കൊണ്ടാണ് ഇത്തവണ ഓണ്‍ലൈനിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നതെന്ന് സംവിധായകന്‍ ഉസ്മാന്‍ മാരാത്ത് പറഞ്ഞു.
മൂന്നു സ്റ്റേജുകളിലായി ദോഹയിലെ അന്‍പതോളം പ്രവാസി മലയാളി കലാകാരന്മാരാണ് അരങ്ങില്‍ ബിലാലിന്റെ കഥയ്ക്ക് ജീവന്‍ പകര്‍ന്നത്. ഒപ്പം നേരത്തേ ഷൂട്ട് ചെയ്ത സ്‌ക്രീന്‍ ദൃശ്യങ്ങളും ഉപയോഗിച്ചു. ഖത്തര്‍ പ്രവാസിയായ അഡ്വ. സക്കരിയ വാവാട് ആണ് പ്രധാനന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കൂടാതെ അണിയറയില്‍ നാടക സംഗീത സിനിമാ പ്രവര്‍ത്തകരും ഈ അവതരണത്തിന് മിഴിവേകാന്‍ ഒത്തു ചേര്‍ന്നു. ജമീല്‍ അഹമ്മദ്, പി ടി അബ്ദു റഹ്‌മാന്‍, കാനേഷ് പൂനൂര്‍, ഖാലിദ് കല്ലൂര്‍ എന്നിവരുടെ വരികള്‍ക്ക് ഷിബിലി, അമീന്‍ യാസിര്‍, അന്‍ഷദ് എന്നിവര്‍ സംഗീതം നല്‍കി, പ്രമുഖ ഗായകരായ അന്‍വര്‍ സാദാത്ത്, അരുണ്‍ കുമാര്‍, അന്‍ഷദ്, നിസ്താര്‍ ഗുരുവായൂര്‍ എന്നിവര്‍ ആലപിച്ച ഡോക്യൂ ഡ്രാമയിലെ ഒന്‍പത് ഗാനങ്ങള്‍ ദൃശ്യങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി. സിംഫണി ദോഹ നിര്‍വഹിച്ച ശബ്ദവും വെളിച്ചവും നാടകത്തിന്റെ മാറ്റു കൂട്ടുന്നതില്‍ വലിയ പങ്കു വഹിച്ചു. അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മൈതാനിയില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രേക്ഷകരുടെ മുന്നിലാണ് നക്ഷത്രങ്ങള്‍ കരയാറില്ല ആദ്യമായി അവതരിപ്പിച്ചത്.
ബലി പെരുന്നാള്‍ ദിനത്തില്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവം നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. യൂത്ത്‌ഫോറത്തിന്റെ ഫേസ്ബുക്ക്, യുട്യൂബ് പേജുകളിലും തനിമയുടെ ഫേസ്ബുക്ക് പേജിലും പരിപാടി ലഭ്യമാവും.
വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ഫോറം പ്രസിഡന്റ് മുസ്തഫ,
തനിമ ജനറല്‍ സെക്രട്ടറി യൂസുഫ് പുലപ്പറ്റ, റേഡിയോ മലയാളം 98.6 സിഇഒ അന്‍വര്‍ ഹുസൈന്‍, യൂത്ത് ഫോറം ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ വിങ് കണ്‍വീനര്‍ ഡോ. സല്‍മാന്‍ തുടങ്ങിയവരും പങ്കെടുത്തു.