ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേള ജനുവരി 9 മുതല്‍ 18 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. നീ ചിന്തിക്കുന്നില്ലേ എന്നതാണ് ഇത്തവണത്തെ മേളയുട മുദ്രാവാക്യം. ഖുര്‍ആന്‍ വനചത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ മുദ്രാവാക്യം തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറഞ്ഞു.
സാംസ്‌കാരിക മന്ത്രാലയത്തിലെ ഖത്തര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് ഇവന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തക മേളയുടെ 30ാമത് എഡിഷനില്‍ 31 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇതാദ്യമായി ബെല്‍ജിയം, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളും വിശിഷ്ടാതിഥി രാജ്യമായി ഫ്രാന്‍സും മേളയുടെ ഭാഗമാവും.
335 പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുമെന്ന് ദോഹ ഇന്റര്‍നാഷനല്‍ ബുക്ക് ഫെയര്‍ ഡയറക്ടര്‍ ജാസിം അല്‍ ബൂഐനൈന്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഐപിഎച്ച് ഉള്‍പ്പെടെയുള്ള പ്രസാധകര്‍ പങ്കെടുക്കും. മൊത്തം 797 പവലിയനുകളുണ്ടാവും. അമേരിക്ക, ജപ്പാന്‍, ഫലസ്തീന്‍, കിര്‍ഗിസ്താന്‍, ഫിലിപ്പീന്‍സ്, സിറിയ തുടങ്ങിയ എംബസികളും സ്റ്റാളുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
വ്യാഴം, വെള്ളി ഒഴികെ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പുസ്തക മേള നടക്കുക. വെള്ളിയാഴ്ച്ച വൈകീട്ട് 3 മുതല്‍ രാത്രി 10വരെയും വ്യാഴാഴ്ച്ച രാവിലെ 9 മുതല്‍ രാത്രി 10 വരെയുമാണ് മേളയുടെ സമയം.