ദോഹ: ചൊവ്വാഴ്ച്ച ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന് എത്തുന്ന കളിയാരാധകരെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദോഹ മെട്രോ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ മെട്രോയുടെ പ്രവര്‍ത്തിസമയം ദീര്‍ഘിപ്പിച്ചു. കൂടുതല്‍ ട്രെയിനുകളും ഏര്‍പ്പെടുത്തി.
ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറ് മുതല്‍ പുലര്‍ച്ചെ മൂന്ന് മണിവരെയും, വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ മൂന്ന് മണിവരെയും മെട്രോ പ്രവര്‍ത്തിക്കും. 110 ട്രെയിനുകളുമായാണ് ദോഹ മെട്രോ അറബ് കപ്പിനായി തയ്യാറെടുക്കുന്നത്.
ദോഹ മെട്രോയുടെ ചരിത്രത്തിലാദ്യമായി റെഡ് ലൈനില്‍ ആറ് ബോഗികളുള്ള ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും മെട്രോ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അറബ് കപ്പിന്റെ മൂന്ന് വേദികള്‍ മെട്രോയില്‍ നിന്നും നടന്നെത്താവുന്ന ദൂരത്തിലായതിനാല്‍ ടൂര്‍ണമെന്റ് ആരംഭിച്ചാല്‍ മെട്രോകളില്‍ നല്ല തിരക്ക് അനുഭവപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
സ്റ്റേഡിയം 974, എഡ്യൂക്കേഷണല്‍ സിറ്റി സ്റ്റേഡിയം, അഹ്മദ് ബിന്‍ അലി സ്റ്റേഡിയം എന്നിവയാണ് മെട്രോ സ്റ്റേഷനുകളുടെ അരികിലായി സ്ഥിതിചെയ്യുന്ന സ്റ്റേഡിയങ്ങള്‍. സ്റ്റേഡിയങ്ങളില്‍ നിന്ന് അകലെയുള്ള സ്റ്റേഷനുകളില്‍ പ്രത്യേക ബസ് സര്‍വീസ് ഉണ്ടാവും. മത്സരങ്ങളുടെ ഫാന്‍ ഐഡി കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാന്‍ കഴിയും.