ദോഹ മെട്രോയില്‍ തിരക്കേറുന്നു; ആളെ കിട്ടാതെ ടാക്‌സികള്‍

ദോഹ: ഖത്തറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും വ്യാപാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന വിധത്തില്‍ ദോഹ മെട്രോയുടെ മൂന്ന് പാതകളും പ്രവര്‍ത്തന സജ്ജമായതോടെ സ്വകാര്യ കാറുകള്‍ വീട്ടില്‍ വച്ചിറങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മെട്രോ സജീവമായതോടെ ടാക്‌സി കാറുകള്‍ക്കും ആളുകളെ കിട്ടാത്ത സ്ഥിതിയായി.

മെട്രോയുടെ മൂന്ന് പാതകളായ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളില്‍ ട്രെയ്‌നുകള്‍ സജീവമായതോടെ ദോഹയിലെ യാത്ര എളുപ്പവും ചെലവ് കുറഞ്ഞുതുമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ദോഹയിലെ എല്ലാ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വ്യപാര സ്ഥാപനങ്ങളിലേക്കും പൊതു പാര്‍ക്കുകളിലേക്കും മെട്രോയില്‍ എത്തിച്ചേരാം.

ജോലിക്കും കാഴ്ച്ചകള്‍ കാണാനും ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് മെട്രോയില്‍ വളരെ ചുരുങ്ങിയ യാത്രാച്ചെലവ് മാത്രമാണ് വരുന്നത്. ഉദാഹരണത്തിന് വക്‌റയില്‍ നിന്ന് മാള്‍ ഓഫ് ഖത്തറിലേക്ക് ടാക്‌സിയില്‍ വരണമെങ്കില്‍ 50 മുതല്‍ 70 റിയാല്‍ വരെ കൊടുക്കണം. അതേ സമയം 2 റിയാല്‍ കൊടുത്താല്‍ മെട്രോയില്‍ ഗതാഗതക്കുരുക്കുകള്‍ ഒന്നും ഇല്ലാതെ ലക്ഷ്യത്തിലെത്തിച്ചേരാം.

മെട്രോ സ്‌റ്റേഷനുകളില്‍ സമീപത്തെ പ്രധാന പ്രദേശങ്ങളിലേക്ക് സൗജന്യ മെട്രോ ലിങ്ക് സര്‍വീസ് ഉള്ളതും ആളുകള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണമായി.

മെട്രോയും അനുബന്ധ മെട്രോ ലിങ്ക് സര്‍വീസും വന്നതോടെ ടാക്‌സികളില്‍ ആളുകള്‍ വളരെ കുറഞ്ഞതായി ശ്രീലങ്കക്കാരനായ ടാക്‌സി ഡ്രൈവര്‍ ഗള്‍ഫ് മലയാളിയോട് പറഞ്ഞു. ഗള്‍ഫ് കപ്പ് ഫൈനല്‍ സമയത്ത് ധാരാളം യാത്രക്കാരെ കിട്ടുമെന്ന് കരുതി ഖലീഫ സ്റ്റേഡിയത്തിന് സമീപം മണിക്കൂറോളം കാത്തിരുന്നിട്ടും ഒരാളെപോലും കിട്ടാതിരുന്ന അനുഭവം അദ്ദേഹം വിവരിച്ചു. ഖലീഫ സ്റ്റേഡിയത്തിലേക്ക് മെട്രോയില്‍ എളുപ്പത്തില്‍ എത്താമെന്നതിനാല്‍ ആളുകള്‍ മുഴുവന്‍ മെട്രോയെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തില്‍ പല പ്രധാന പ്രദേശങ്ങളിലേക്കുമുള്ള യാത്രക്കാര്‍ മെട്രോയെ ആശ്രയിക്കുന്നതിനാല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ മറ്റു വഴികള്‍ തേടേണ്ട സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെലവ് ചുരുങ്ങുന്നതിനോടൊപ്പം ട്രാഫിക് തിരക്ക് ഒഴിവാക്കാനും ആളുകള്‍ മെട്രോയെ ആശ്രയിക്കുന്നുണ്ട്. ആസ്പയര്‍ പാര്‍ക്ക് ഭാഗത്ത് താമസിക്കുന്ന ഒരാള്‍ക്ക് ഖത്തര്‍ നാഷനല്‍ മ്യൂസിയത്തില്‍ എത്തണമെങ്കില്‍ 20 മിനിറ്റ് ഡ്രൈവ് ചെയ്യണം. അതേ സമയം, അസീസിയ സ്റ്റേഷനില്‍ നിന്ന് ട്രെയ്‌നില്‍ കയറിയാല്‍ യാതൊരു ട്രാഫിക് ജാമും ഇല്ലാതെ മ്യൂസിയത്തില്‍ എത്താം.

ഖത്തര്‍ റെയില്‍ പുറത്തുവിട്ട കണക്കുകളും ദോഹ മെട്രോയുടെ വിജയമാണ് കാണിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 18ന് വിവിധ ദേശീയ ദിനാഘോഷവേദികളിലേക്കെത്തുന്നതിന് 3,33,000 പേരാണ് ദോഹ മെട്രോയെ ആശ്രയിച്ചത്.