തടികുറയ്ക്കാനുള്ള മരുന്നുകള്‍ ഓണ്‍ലൈനില്‍ നിന്ന് വാങ്ങരുതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം

ദോഹ: തടികുറയ്ക്കാനുള്ള മരുന്നുകള്‍ ഓണ്‍ലൈന്‍വഴിയോ സോഷ്യല്‍ മീഡിയ വഴിയോ വാങ്ങരുതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിന് വേണ്ടി ഓണ്‍ലൈനില്‍ വില്‍ക്കുന്ന മരുന്നുകള്‍ പലതും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇത്തരം പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നിയമലംഘകര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ വഴി വാങ്ങുന്ന മരുന്നുകള്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതും അംഗീകൃതവുമാണെന്ന് ഉറപ്പുവരുത്തണമെന്നു മന്ത്രാലയം നിര്‍ദേശിച്ചു.

ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ഖത്തര്‍ അതീവജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും നിരോധിത ഉല്‍പ്പന്നങ്ങള്‍ തടയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

content highlights: Don’t buy fat-burning products online, social media: Health ministry