Tuesday, November 30, 2021
HomeNewsfeedപ്രവാസികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമത്തിന് ഖത്തര്‍ ശൂറ കൗണ്‍സില്‍ അംഗീകാരം

പ്രവാസികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമത്തിന് ഖത്തര്‍ ശൂറ കൗണ്‍സില്‍ അംഗീകാരം

ദോഹ: ഖത്തറിലെ മുഴുവന്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമത്തിന് ഇന്ന് ചേര്‍ന്ന പ്രതിവാര ശൂറ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. 47 ആര്‍ട്ടിക്കിളുകളും 6 അധ്യായങ്ങളും ഉള്‍പ്പെടുന്ന ആരോഗ്യ സംരക്ഷണ സേവന കരട് നിയമത്തിന് ആണ് അംഗീകാരം നല്‍കിയത്.

ഖത്തറിലെ മുഴുവന്‍ പൗരന്മാര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികില്‍സ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ്, നിര്‍ബന്ധ ആരോഗ്യ ഇന്‍ഷുറന്‍സ്, ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സേവനം തുടങ്ങിയ കാര്യങ്ങളും നിയമത്തില്‍ പറയുന്നുണ്ട്.

ഈ നിയമ പ്രകാരം രാജ്യത്തെ പ്രവാസികള്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനം ലഭിക്കണമെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാതെ സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല. നിലവില്‍ ഖത്തറിലുള്ളവരുടെ ഐഡി കാര്‍ഡ് പുതുക്കണമെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ട് എന്നതിന് തെളിവ് ഹാജരാക്കാത്തവര്‍ക്ക് തൊഴില്‍ നല്‍കരുതെന്നും നിയമം ശുപാര്‍ശ ചെയ്യുന്നു.

അതേ സമയം, അടിയന്തര ഘട്ടങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ശൃംഖലയില്‍ വരാത്ത ആശുപത്രികളിലും പണം വാങ്ങാതെ ആരോഗ്യ സേവനം നല്‍കണമൈന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്.
ALSO WATCH

Most Popular