Wednesday, December 1, 2021
HomeNewsfeedഖത്തറില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്മുറിയില്‍ ഗുളിക നല്‍കിയ അധ്യാപികയെ പുറത്താക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം

ഖത്തറില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്മുറിയില്‍ ഗുളിക നല്‍കിയ അധ്യാപികയെ പുറത്താക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: സ്വകാര്യ സ്‌കൂളില്‍ ക്ലാസ്മുറിയില്‍ വച്ച് വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം. ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്. രക്ഷിതാക്കളുടെ അനുമതിയോട് കൂടി സ്‌കൂള്‍ നഴ്‌സിന് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് മരുന്ന് നല്‍കാന്‍ അനുമതിയുള്ളു എന്ന നിയമം ലംഘിച്ചതിനാണ് നടപടി.

അധ്യാപിക, സ്‌കൂള്‍ അധികൃതര്‍, വിദ്യാര്‍ഥികള്‍, മരുന്ന് കഴിച്ച കുട്ടികള്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തതായി മന്ത്രാലയം അറിയിച്ചു. ഇത് ആദ്യത്തെ സംഭവമാണെന്ന് എല്ലാവരും സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ വിവവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഗുളികകള്‍ ലബോറട്ടറിയില്‍ പരിശോധനാ വിധേയമാക്കിയെന്നും ലഹരി വസ്തുക്കളോ മറ്റ് നിരോധിത വസ്തുക്കളോ ഗുളികയില്‍ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നൗറിഎച്ച് എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് ഗുളിക നല്‍കിയ സംഭവം ഒരു രക്ഷിതാവ് വെളിപ്പെടുത്തിയത്. കുട്ടികളുടെ പരീക്ഷാ പേടി അകറ്റാനെന്ന പേരില്‍ ഖത്തറിലെ ഒരു സ്വകാര്യ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് മയക്ക ഗുളികകള്‍ നല്‍കി എന്നാണ് അതില്‍ പറയുന്നത്. മന്ത്രാലയത്തെയും രണ്ട് പ്രമുഖ അറബ് മാധ്യമങ്ങളെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു ട്വീറ്റ്. ഇതേ തുടര്‍ന്നാണ് മന്ത്രാലയം അന്വേഷണം ആരംഭിച്ചത്.

ആളുകളുടെ അഭിപ്രായപ്രകടനങ്ങളുടെ ആധികാരികത അറിയാനും അന്വേഷണം ഉറപ്പ് വരുത്തുന്നതിനും വിദ്യാഭ്യാസ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു.

Most Popular