‘കാണാതായ’ ഖത്തരി വനിത മരിച്ചുവെന്ന പ്രചാരണം തെറ്റെന്ന്

Noof Al Maadeed

ദോഹ: ഗാര്‍ഹിക പീഢനത്തെ തുടര്‍ന്ന് രാജ്യം വിട്ട ഖത്തര്‍ സ്വദേശി നൂഫ് അല്‍ മആദീദ്(23) ജീവിച്ചിരിപ്പുണ്ടെന്നും ഖത്തറില്‍ അവര്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും വിവരം. അധികൃതരെ ഉദ്ധരിച്ച് ദോഹ ന്യൂസ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

നൂഫിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഖത്തറിനകത്തും പുറത്തും സോഷ്യല്‍ മീഡിയയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് വെളിപ്പെടുത്തല്‍.

സുരക്ഷാ ഭീഷണി നേരിടുന്നുവെന്ന് സൂചിപ്പിച്ച് ഒക്ടോബര്‍ 13 മുതല്‍ നൂഫ് സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷയായിരുന്നു. അതേ തുടന്നാണ് അവരെക്കുറിച്ച് ആശങ്ക ഉയര്‍ന്നത്.

നൂഫ് സുരക്ഷിത കരങ്ങളിലാണെന്ന്, വിശ്വസിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് വിവരം കിട്ടിതയായി ഖത്തരി വനിതാ അവകാശ പ്രവര്‍ത്തക ഡോ. അമല്‍ അല്‍ മാലികി ഒക്ടോബര്‍ 15ന് പറഞ്ഞിരുന്നു. എന്നാല്‍, നൂഫ് സോഷ്യല്‍ മീഡിയയില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായത് ആശങ്ക തുടരാനിടയാക്കി.

നൂഫ് അപ്രത്യക്ഷമായ ദിവസം നൂഫിന്റെ കുടുംബം അവരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിതായി ചൊവ്വാഴ്ച്ച ഗള്‍ഫ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്(ജിസിഎച്ച്ആര്‍) റിപോര്‍ട്ട് പുറത്തുവിട്ടു. എന്നാല്‍, ആരോപണത്തിനുള്ള തെളിവുകളൊന്നും റിപോര്‍ട്ടിലില്ല.

എന്നാല്‍, നൂഫ് അല്‍ മആദീദ് സുരക്ഷിതയാണെന്നും അവര്‍ പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഖത്തരി വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. വിഷയത്തില്‍ പ്രതികരിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ജിസിഎച്ച്ആര്‍ റിപോര്‍ട്ട് എന്നാണ് സൂചന. ജിസിഎച്ച്ആര്‍ റിപോര്‍ട്ട് തെറ്റാണെന്ന് നൂഫിന്റെ ബന്ധു ഹസ്സ മആദീദും പറഞ്ഞു.

2019ലാണ് വീട്ടില്‍ പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളില്‍ നിന്ന് കടുത്ത പീഡനം നേരിടുന്നതായി ആരോപിച്ച് നൂഫ് അല്‍ മആദീദ് ഖത്തറില്‍ നിന്ന് ഒളിച്ചോടി ബ്രിട്ടനില്‍ അഭയം തേടിയത്. പിന്നീട് ഖത്തര്‍ അധികൃതര്‍ പൂര്‍ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് ഈ വര്‍ഷം സപ്തംബര്‍ 30ന് രാജ്യത്തേക്ക് തിരിച്ചെത്തുകയായിരുന്നു. ദിവസേനയെന്നോണം അവര്‍ സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. എന്നാല്‍, ഒക്ടോബര്‍ 13ന് തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് പ്രസ്താവിച്ച ശേഷം അവര്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷയാവുകായായിരുന്നു.