ദോഹ: ലോക്ക്ഡൗണ്‍ കാലത്ത് ഖത്തറില്‍ മരിച്ച ഇരുപതിലധികം ഇന്ത്യക്കാരില്‍ 15 പേരും മലയാളികള്‍. വിമാനസര്‍വീസിന് വിലക്കുള്ളതു കാരണം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഒരുനോക്ക് കാണാനാവാതെ ഭൂരിഭാഗം മൃതദേഹങ്ങളും ഇവിടെ തന്നെ അടക്കം ചെയ്യുകയായിരുന്നു.
മൂന്ന് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഖത്തര്‍ എയര്‍വെയ്സ് ചരക്കുവിമാനത്തില്‍ നാട്ടിലെത്തിക്കാനായത്. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച പത്തനംതിട്ട, മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങള്‍ വരും ദിവസങ്ങളില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കൊറോണ ഇതര കാരണങ്ങളാല്‍ മരിച്ചവരുടെ കണക്കാണിത്. ഖത്തറില്‍ കൊറോണ മൂലം മരിച്ച ഒമ്പതു പേരില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാം പ്രവാസികളാണ്. ഇവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇവരെ കോറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് ഖത്തറില്‍ തന്നെ അടക്കം ചെയ്യുകയാണ്.
മാര്‍ച്ച് ആദ്യത്തില്‍ മരിച്ച മിക്കവരുടെയും മൃതദേഹങ്ങള്‍ ഖത്തറില്‍ തന്നെയാണ് അടക്കം ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹമാണ് ആദ്യം നാട്ടിലെത്തിയത്. പ്രവാസി സംഘടനകളുടെ സജീവമായ ഇടപെടലിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങുകയായിരുന്നു. അങ്കമാലി സ്വദേശി ഇട്ടിയച്ചന് പോളിന്റെ മൃതദേഹം കൊച്ചിയിലെത്തിക്കാന്‍ ഉപയോഗിച്ചതും ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ വിമാനമാണ്. ഖത്തര്‍ എയര്‍വെയസ് ഏപ്രില്‍ മുതല്‍ കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ കാര്‍ഗോ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ സഹായകമാവുമെന്നാണു പ്രതീക്ഷിക്കുന്നത്.