പാര്‍പ്പിട കേന്ദ്രങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ പേര്‍ താമസിച്ചാല്‍ ഒഴിപ്പിക്കും

Excess workers to be removed from housing units

ദോഹ: ഖത്തറില്‍ തൊഴിലാളികള്‍ താമസിക്കുന്ന പാര്‍പ്പിട കേന്ദ്രങ്ങളില്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ പേര്‍ താമസിക്കുന്നത് ഒഴിപ്പിക്കുന്നതിന് പരിശോധന ശക്തമാക്കി. തൊഴില്‍ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് നടപടി. കുടുംബ താമസ കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ ഞെരുങ്ങിത്താമസിക്കുന്നത് തടയുന്ന നിയമവും തൊഴിലാളികളുടെ താമസ സ്ഥത്ത് ഉണ്ടായിരിക്കേണ്ട സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്ന നിയമവും അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നത്.

ഏപ്രില്‍ 20 മുതല്‍ 29 വരെ നടത്തിയ പരിശോധനകളില്‍ 417 പാര്‍പ്പിട കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 1,855 കമ്പനികള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ക്ലീനിങ്, ലിമോസിന്‍, കോണ്‍ട്രാക്ടിങ് സര്‍വീസ്, റസ്‌റ്റോറന്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഭൂരിഭാഗവും. ദോഹയിലെ നജ്മ, മന്‍സൂറ, ബിന്‍ ദിര്‍ഹം, ഓള്‍ഡ് സലത്ത, റിഫ, ഓള്‍ഡ് ഗാനിം തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമേ മാര്‍ക്കറ്റ് ഏരിയകളായ അല്‍ അസ്മക് സ്ട്രീറ്റ്, അബ്ദുല്ല ബിന്‍ ഥാനി സ്ട്രീറ്റ്, മുശെയ്‌രിബ് ഏരിയ, ഫരീജ് അബ്ദുല്‍ അസീസ്, അല്‍ മുന്‍തസ തുടങ്ങിയ പ്രദേശങ്ങളിലുമാണ് പരിശോധന നടന്നത്.

പരിശോധന നടത്തിയ ശേഷം നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരാഴ്ച്ചയക്കകം അധികമുള്ളവര്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് പതിക്കുകയാണ് ചെയ്യുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ നിയമം അനുസരിച്ചില്ലെങ്കില്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

The Ministry of Administrative Development, Labour and Social Affairs (MADLSA), in coordination with the Ministry of Interior and the Ministry of Municipality and Environment (MME), is continuing its campaign to inspect workers’ housing in residential neighbourhoods and remove excess workers from accommodations.