ഫിഫ അറബ് കപ്പ്: ആസ്വദിക്കാം വഴിനീളെ ഡാന്‍സും സംഗീതവും

fifa arab cup events

ദോഹ: ഫിഫ അറബ് കപ്പിനെത്തുന്ന(fifa arab cup 2021) കാണികള്‍ക്കായി ഖത്തര്‍ ഒരുക്കിയിരിക്കുന്നത് പൂരക്കാഴ്ച്ചകള്‍. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നീളുന്ന കാല്‍പ്പന്തുല്‍സവത്തിനെത്തുന്ന കാണികള്‍ക്ക് സ്റ്റേഡിയത്തിന് സമീപവും കോര്‍ണിഷിലും നിരവധി കലാപരിപാടികള്‍ ആസ്വദിക്കാം.

അല്‍ബൈത്ത്, അഹ്‌മദ് ബിന്‍ അലി, അല്‍ ജനൂബ്, അല്‍ തുമാമ, സ്റ്റേഡിയം 974 എന്നീ അഞ്ച് കളിമൈതാനങ്ങള്‍ക്കു സമീപവും സാംസ്‌കാരിക പരിപാടികള്‍ ഉണ്ടാവും. സംഗീതം, നൃത്തം, നാടന്‍ കലകള്‍ തുടങ്ങിയവ ഖത്തര്‍, ഈജിപ്ത്, ലബ്‌നാന്‍, മൊറോക്കോ, സുഡാന്‍ തുടങ്ങിയ രാജ്യക്കാരാണ് അവതരിപ്പിക്കുക.

സ്റ്റേഡിയങ്ങള്‍ക്ക് സമീപവും തൊട്ടടുത്തുള്ള മെട്രോ, ബസ് സ്‌റ്റേഷനുകളിലുമാണ് കലാസംഘങ്ങള്‍ കാണികളെ കാത്തിരിക്കുക. മല്‍സരത്തിന് മുമ്പും ശേഷവുമായി 60 ഇടങ്ങളില്‍ 200ഓളം കലാപ്രകടനങ്ങളാണുണ്ടാവുക. ഇതിനു പുറമേ കോര്‍ണിഷിലും നിരവധി പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

ഫിഫ അറബ് കപ്പ് ട്രോഫിയുടെ പ്രദര്‍ശനമാണ് മറ്റൊരാകര്‍ഷണം. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വിവിധ സ്‌കൂളുകളിലും ട്രോഫി പ്രദര്‍ശനം നടക്കുകയാണ്. കളിയാരാധകര്‍ക്ക് ട്രോഫിയുടെ മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിന് അവസരമുണ്ടാവും.