എക്‌സ്പാറ്റ് സ്‌പോട്ടീവ് ഫിബ്രുവരി 7,11 തിയ്യതികളില്‍

expat sportive

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന നാലാമത് കായികമേള ‘എക്‌സ്പാറ്റ് സ്‌പോട്ടീവ് 2020’ ഫിബ്രുവരി 7,11 തിയ്യതികളില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും. സ്‌പോട്ടീവിനുളള ടീം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലയത്തിന്റെ കീഴിലുളള ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ അംഗീകരാത്തോടെ നടക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കുളള കായിക മേളയാണ് എക്‌സ്പാറ്റ് സ്‌പോട്ടീവ്. 13 ടീമുകളില്‍ നിന്നായി 800 ല്‍ അധികം കായിക താരങ്ങള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരക്കും. സ്‌പോട്ടീവ് 2020 ലോഗോ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുളള എഎഫ്‌സി പുരസ്‌കാര ജേതാവും ഖത്തര്‍ ദേശീയ ടീം അംഗവുമായ അക്രം അഫീഫ് നിര്‍വ്വഹിച്ചിരുന്നു.

വ്യക്തിഗത ഇനങ്ങളില്‍ പതിനൊന്നും ഗ്രൂപ്പ് ഇനങ്ങളില്‍ ആറും ഉള്‍പ്പെടെ 17 ഇനങ്ങളിലാണ് മല്‍സരം നടക്കുക. 100, 200, 800, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, പുരുഷന്‍മാര്‍ക്കായി പഞ്ചഗുസ്തി 80 കിലോക്ക് താഴെ, പഞ്ചഗുസ്തി 80 കിലോക്ക് മുകളില്‍, സ്ത്രീകള്‍ക്കായി പഞ്ചഗുസ്തി 70 കിലോക്ക് താഴെ 70 കിലോക്ക് മുകളില്‍ എന്നിവയാണ് വ്യക്തിഗത മല്‍സരങ്ങള്‍.

4*100 മീറ്റര്‍ റിലെ, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍, പെനല്‍റ്റി ഷൂട്ട് ഔട്ട്, കമ്പവലി, മാര്‍ച്ച് പാസ്റ്റ് എന്നിവയാണ് ഗ്രൂപ്പ് മല്‍സരങ്ങള്‍. ഗള്‍ഫ് മേഖലയിലെ പ്രമുഖ ഐടി കമ്പനിയായ അസീം ടെക്‌നോളജീസാണ് എക്‌സ്പാറ്റ് സ്‌പോട്ടീവ് 2020യുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍. ഇസൂസു ജൈദഗ്രൂപ്പ് മുഖ്യപ്രയോജകരും അല്‍ദാന സ്വിച്ച്ഗിയര്‍ സഹപ്രയോജകരുമാണ്.

നാല് ഗ്രൂപ്പുകളിലായാണ് മല്‍സരങ്ങള്‍. പുരഷന്‍മാര്‍ക്ക് മൂന്ന് ഗ്രൂപ്പുകളാണുളളത്. 20 മുതല്‍ 30 വരെ വയസ്സുളളവര്‍, 30 മുതല്‍ 40 വയസ്സുവരെ, നാല്‍പ്പത് വയസ്സിന് മുകളിലുളളവര്‍ എന്നിങ്ങനെയായിരിക്കും മൂന്ന് ഗ്രൂപ്പുകള്‍. സ്ത്രീകള്‍ ഒരു ഗ്രൂപ്പായി മല്‍സരങ്ങളില്‍ പങ്കെടുക്കും. ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റുളള ആര്‍ക്കും മത്‌സരത്തില്‍ പങ്കെടുക്കാം.

അല്‍ഖോര്‍ യൂത്ത് ക്ലബ്, ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍, യൂത്ത് ഫോറം ഖത്തര്‍, സ്‌പോര്‍ടസ് അസോസിയേഷന്‍ ഫോര്‍ കേരള (സാക്), സ്‌കിയ ഖത്തര്‍, ഐസിഎ അലുംനി, കാലിക്കറ്റ് സ്‌പോര്‍ട്‌സ് ക്ലബ്, ടീം തിരൂര്‍ ഖത്തര്‍, കേരള അസോസിയേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് (കാസ്), യുനൈറ്റഡ് നഴ്‌സസ് ഇന്ത്യ ഖത്തര്‍, യൂത്ത് അസോസിയേഷന്‍ ഫോര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട് (യാസ്), സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, കീഴുപറമ്പ് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്.

ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ മുന്നോടിയായി ഫിബ്രുവരി 7 വെളളി രാവിലെ 7 മണി മുതല്‍ രാത്രി 8 മണിവരെയും കായിക ദിനമായ ഫിബ്രുവരി 11 ചൊവ്വ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് മല്‍സരങ്ങള്‍ നടക്കുക.. 13 ടീമുകള്‍ പങ്കെടുക്കുന്ന വര്‍ണ്ണശബളമായ മാര്‍ച്ച്പാസ്റ്റ് ഫിബ്രുവരി 7 വെളളി വൈകുന്നേരം 3 മണിക്ക് നടക്കും. ഖത്തറിന്റെയും ഇന്ത്യയുടെയും കായിക നേട്ടങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളും വിളിച്ചറിയിക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ വിവിധ ഇന്ത്യന്‍ പ്രവാസി കൂട്ടായ്മകളും അണിനിരക്കും. ഖത്തരി സമൂഹത്തിലെയും ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെയും പ്രമുഖരും ഇന്ത്യയില്‍ നിന്നുളള പ്രമുഖ കായിക താരങ്ങള്‍ളും സാംസ്‌കാരിക പ്രവര്‍ത്തകരും രണ്ട് ദിവസങ്ങളില്‍ നടക്കുക പരിപാടികളില്‍ അതിഥികളായി പങ്കെടുക്കും.

ഡോ. താജ് ആലുവ(പ്രസിഡന്റ,് കള്‍ച്ചറല്‍ ഫോറം), ശശിധര പണിക്കര്‍(വൈസ്പ്രസിഡന്റ,് കള്‍ച്ചറല്‍ ഫോറം), ഷഫീഖ് കബീര്‍ (ഫൗണ്ടര്‍ ആന്റ് സിഇഒ അസീം ടെക്‌നോളജീസ്), സുഹൈല്‍ ശാന്തപുരം (ചെയര്‍മാന്‍, എക്‌സാറ്റ് സ്‌പോട്ടീവ് 2020), ഹരി സുബ്രഹ്മണി (ജനറല്‍ മാനേജര്‍, ഇസൂസു ജൈദ ഗ്രൂപ്പ്), റിനു ജേക്കബ്(അല്‍ ദാന സ്വിച്ച്ഗിയര്‍), മുനീഷ് എ സി(ജനറല്‍ സെക്രട്ടറി, കള്‍ച്ചറല്‍ ഫോറം), ടി കെ ബഷീര്‍(ട്രഷറര്‍, കള്‍ച്ചറല്‍ ഫോറം), തസീന്‍ അമീന്‍ (ജനറല്‍ കണ്‍വീനര്‍, സ്‌പോട്ടീവ് 2020), നൗഫല്‍ ( റേഡിയോ മലയാളം 98.6 എഫ്. എം) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.