ഖത്തറില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ദുരിത യാത്ര; വെള്ളവും ഭക്ഷണവുമില്ലാതെ 11 മണിക്കൂര്‍

epats from qatar shares experience
ഖത്തറില്‍ നിന്നുള്ള പ്രവാസികള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സില്‍ ഇന്നലെ രാത്രി കണ്ണൂരില്‍ എത്തിയപ്പോള്‍

കണ്ണൂര്‍: ചാര്‍ട്ടര്‍ വിമാനത്തില്‍ ഖത്തറില്‍ നിന്നു വന്ന കണ്ണൂര്‍ സ്വദേശികളായ പ്രവാസികള്‍ക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ ദുരിത യാത്ര. വെള്ളവും ഭക്ഷണവും കിട്ടാതെ 11 മണിക്കൂര്‍ നീണ്ട ബസ് യാത്രയില്‍ പലരും ക്ഷീണിച്ച് അവശരായി. ഖത്തറില്‍ നിന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 6.30നു എത്തിയ യാത്രക്കാര്‍ക്കൊപ്പം ഉണ്ടായിരുന്ന കണ്ണൂര്‍ ജില്ലക്കാരാണ് വലഞ്ഞത്. തൊഴിലാളികള്‍ക്കുള്ള ചാര്‍ട്ടര്‍ വിമാനത്തിലാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്.

തുടര്‍ന്ന് 21 കണ്ണൂര്‍ സ്വദേശികളെയും 3 വയനാട് സ്വദേശികളെയും രാവിലെ 9ന് ഒരേ കെഎസ്ആര്‍ടിസി ബസ്സിലാണ് വിട്ടത്. വിമാനത്തിലോ വിമാനത്താവളത്തിലോ ബസ്സിലോ ഇവര്‍ക്കു ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നാണ് ആരോപണം. കോഴിക്കോട് എത്തിയപ്പോള്‍ വയനാട് സ്വദേശികളെ മറ്റൊരു വാഹനത്തില്‍ കയറ്റിവിടണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും അതിനു തയ്യാറാകാതെ ബസ്സ് വയനാട്ടിലേക്കു തിരിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ സഞ്ചരിച്ച യാത്രക്കാരില്‍ പലരും ചുരം കയറിയിയപ്പോഴേക്കും അവശനിലയിലായി.

വൈകിട്ട് 5ന് കല്‍പ്പറ്റയില്‍ എത്തിയപ്പോള്‍ വെള്ളവും ഭക്ഷണവും ആവശ്യപ്പെട്ടെങ്കിലും സ്ഥലത്തുണ്ടായിരുന്ന പോലിസ് കൈമലര്‍ത്തുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. 11 മണിക്കൂറിന് ശേഷം രാത്രി 8നു കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ബസ്സ് നിര്‍ത്തുമ്പോഴേക്കും പലരും ഇറങ്ങാനാകാത്ത വിധം ക്ഷീണിതരായിരുന്നു. ഇവിടെ എത്തിയ ശേഷമാണ് വെള്ളവും ലഘുഭക്ഷണവും നല്‍കി താമസസ്ഥലത്തേക്കു മാറ്റിയതെന്നും യാത്രക്കാര്‍ പറഞ്ഞു.