ദോഹ: കറന്‍സിയുടെ വില കുത്തനെ ഇടിഞ്ഞത് 2019ല്‍ പല രാജ്യങ്ങളിലെയും പ്രവാസികളെ ചെറിയ തോതിലെങ്കിലും സമ്പാദ്യം വര്‍ധിപ്പിക്കാനിടയാക്കി. ഖത്തറില്‍ കറന്‍സി വിലയിലെ മാറ്റം പാകിസ്താന്‍കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 2019ല്‍ പാകിസ്താന്‍ കറന്‍സി വിലയില്‍ 12 ശതമാനത്തോളം ഇടിവാണുണ്ടായത്.
കറന്‍സി വിലയിടിയുന്നത് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ സൂചനയാണെങ്കിലും പ്രവാസികള്‍ക്ക് താല്‍ക്കാലികമായെങ്കിലും നേട്ടമുണ്ടാക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് ആഗോള തലത്തില്‍ തന്നെ കറന്‍സിയുടെ ചാഞ്ചാട്ടത്തിന് പ്രധാന ഹേതു.
2019 ജനുവരി ആദ്യത്തില്‍ ഒരു റിയാലിന് 37.97 പാകിസ്താന്‍ രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്നലെ അത് 42.40 ആയി. 4.43 രൂപയാണ് ഒരു വര്‍ഷത്തിനിടെ അവര്‍ക്ക് റിയാലിന് അധികമായി ലഭിക്കുന്നത്.
ഇന്ത്യക്കാരും നേപ്പാളികളും കറന്‍സി വിലയിടിവില്‍ നേട്ടമുണ്ടാക്കി. ഇന്ത്യന്‍ രൂപയില്‍ ഒരു വര്‍ഷത്തിനിടെ 2.4 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ റിയാലിന് 19 രൂപ ലഭിച്ചിരുന്നത് ഇന്നലെ 19.45 രൂപയായി.
നേപ്പാളി രൂപ 2019 തുടക്കത്തില്‍ റിയാലിന് 30.48 എന്ന നിലയിലായിരുന്നു. ഇന്നലെ 31.15 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. 2.2 ശതമാനം ഇടിവാണ് ഉണ്ടായത്. ബംഗ്ലാദേശി ടാക്ക റിയാലിന് 23.42 എന്ന നിലയില്‍ നിന്ന് 24 എന്ന നിലയിലേക്കാണ് ഇടിഞ്ഞത്.
മറ്റു രാജ്യങ്ങളുടെ കറന്‍സിയില്‍ കാര്യമായി ഇടിവുണ്ടായില്ലെന്നാണ് കണക്കുകള്‍.
Content Highlights: Expats impacted by currency fluctuation in 2019