Saturday, November 27, 2021
HomeGulfBahrainഖത്തറിനെതിരേ കടുത്ത വിമര്‍ശനവുമായി വീണ്ടും ബഹ്‌റൈന്‍; കപടതയെന്ന് വിദഗ്ധര്‍

ഖത്തറിനെതിരേ കടുത്ത വിമര്‍ശനവുമായി വീണ്ടും ബഹ്‌റൈന്‍; കപടതയെന്ന് വിദഗ്ധര്‍

ദോഹ: ഫിഫ ലോക കപ്പ് നിര്‍മാണ കേന്ദ്രങ്ങളില്‍ പ്രവാസി തൊഴിലാളികള്‍ അതിക്രമത്തിനും ചൂഷണത്തിനും ഇരയാവുന്നുവെന്ന ആരോപണം ഏറ്റെടുത്ത് ബഹ്‌റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ബിഎഫ്എ). ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകളുടെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ബഹ്‌റൈന്റെ വിമര്‍ശനം.

തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഖത്തര്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്നാണ് റിപോര്‍ട്ടുകളും കണക്കുകളും കാണിക്കുന്നതെന്ന് ബിഎഫ്എ ഞായറാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഖത്തറില്‍ പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും ആഹ്വാനം ചെയ്യുന്നു.

ഖത്തര്‍ ലോക കപ്പിന്റെ ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ തുടങ്ങിയ വേളയിലാണ് ബഹ്‌റൈന്റെ പ്രസ്താവന.

എന്നാല്‍, ബഹ്‌റൈനില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേയും ശിയാ വിഭാഗത്തിനെതിരേയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോഴാണ് ഖത്തറിലെ വിഷയങ്ങളെ പര്‍വതീകരിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബിഎഫ്എയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതവും നയതന്ത്രപരവുമാണെന്ന് മനുഷ്യാവകാശ അഭിഭാഷകനും ലീഡ്‌സ് യുനൈറ്റഡ് എഫ്‌സി മുന്‍ മാനേജിങ് ഡയറക്ടറുമായ ഡേവിഡ് ഹൈ ദോഹ ന്യൂസിനോട് പറഞ്ഞു.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള സംഘടനകള്‍ക്ക് ഖത്തര്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2017ല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ച് അല്‍ ഊല പ്രഖ്യാപനത്തില്‍ ബഹ്‌റൈനും ഒപ്പുവച്ചിരുന്നുവെങ്കിലും ബഹ്‌റൈന്‍ ഖത്തറിനെതിരായ വിമര്‍ശനം തുടര്‍ന്നുവരികയാണ്.
ALSO WATCH

Most Popular