Saturday, October 23, 2021
HomeGulfQatarഖത്തറിലേക്കു മടങ്ങുന്നവര്‍ ക്വാരന്റീന്‍ ഹോട്ടല്‍ ബുക്ക് ചെയ്യല്‍ എങ്ങിനെ?

ഖത്തറിലേക്കു മടങ്ങുന്നവര്‍ ക്വാരന്റീന്‍ ഹോട്ടല്‍ ബുക്ക് ചെയ്യല്‍ എങ്ങിനെ?

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കേ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരാന്‍ അവസരമൊരുങ്ങുകയാണ്. ആഗസ്ത് 1 മുതല്‍ ആരംഭിക്കുന്ന മൂന്നാംഘട്ടത്തിലാണ് ഖത്തര്‍ ഐഡിയുള്ള പ്രവാസികള്‍ക്ക് മടങ്ങിവരാനാവുക. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഈ ഘട്ടത്തില്‍ അനുവദിക്കുക.

മടങ്ങിവരുന്നവര്‍ രണ്ടാഴ്ച്ച നിര്‍ബന്ധിത ഹോട്ടല്‍ ക്വാരന്റീനില്‍ കഴിയേണ്ടിവരും. ഹോട്ടല്‍ ചെലവ് സ്വന്തമായി വഹിക്കണം. ഖത്തര്‍ എയര്‍വെയ്‌സിലോ മറ്റ് ഏതെങ്കിലും വിമാനത്തിലോ മടങ്ങാവുന്നതാണ്. എന്നാല്‍, ഹോട്ടല്‍ ബുക്കിങ് ഡിസ്‌കവര്‍ ഖത്തര്‍ എന്ന ഏജന്‍സി വഴിയാണ് നടത്തേണ്ടത്. അംഗീകൃത ക്വാരന്റീന്‍ ഹോട്ടലുകളില്‍ മാത്രമേ ബുക്ക് ചെയ്യാനാവൂ. നേരിട്ട് ഹോട്ടല്‍ ബുക്കിങ് അനുമതിയുണ്ടാവില്ല.

ഖത്തര്‍ ഐഡിയുടെ കാലാവധി കഴിഞ്ഞവര്‍
രാജ്യത്തിന് പുറത്തായിരിക്കേ ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവരെ ഐഡി പുതുക്കുന്നതിന് വേണ്ടി രാജ്യത്തേക്ക് മടങ്ങാന്‍ അനുവദിക്കും. 14 ദിവസത്തെ ക്വാരന്റീന് ശേഷമായിരിക്കും ഐഡി പുതുക്കാനാവുക.

ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഖത്തരികള്‍ക്കു മാത്രമാണ് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതിയുണ്ടാവുക. ജൂണ്‍ 14ന് മുമ്പുള്ള ഇവരുടെ തിരിച്ചുവരവിന് എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. അതിന് ശേഷം യാത്രാ ചെലവും ഹോട്ടല്‍ ചെലവും സ്വയം വഹിക്കണം

ആഗസ്ത് 1 മുതല്‍ 31വരെ ഖത്തറിലേക്ക് മടങ്ങുന്ന സ്വദേശികളും ക്യുഐഡി ഉള്ളവരും
സ്വദേശികള്‍ക്കും ക്യുഐഡി ഉള്ളവര്‍ക്കും കണ്‍ഫേം ചെയ്ത വിമാന ടിക്കറ്റ്, ഖത്തര്‍ ഐഡി, സ്വന്തം ചെലവില്‍ ഡിസകര്‍ ഖത്തര്‍ വഴി ബുക്ക് ചെയ്ത് ഹോട്ടല്‍ റിസര്‍വേഷന്‍ എന്നിവ വേണം. 14 ദിവസത്തെ ക്വാരന്റീന്‍ ബുക്കിങ് കണ്‍ഫര്‍മേഷന്‍ ഇല്ലാതെ ഖത്തറിലേക്ക് വിമാനം കയറാനാവില്ല.

ആഗസ്ത് 31ന് ശേഷം മടങ്ങുന്നവര്‍

ക്വാരന്റീന്‍ ചട്ടങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍, യാത്രാ പദ്ധതി തയ്യാറാക്കാന്‍ യാത്രാ തിയ്യതിയുടെ തൊട്ടടുത്ത ദിവസം വരെ കാത്തിരിക്കുക.

നിശ്ചിത ഹോട്ടലുകളില്‍ അല്ലാതെ ഹോം ക്വാരന്റീന്‍ അനുവദിക്കില്ല. ആഗസ്ത് 1 മുതലുള്ള യാത്രകള്‍ക്ക് ജൂണ്‍ 25 മുതല്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ഹോട്ടല്‍ ബുക്കിങ് ലഭ്യമാവും. ഖത്തര്‍ ഐഡിയോ ഖത്തര്‍ പാസ്‌പോര്‍ട്ടോ ഉപയോഗിച്ച് ബുക്ക് ചെയ്യാം. ബുക്കിങ് പിഴ കൂടാതെ തിയ്യതി മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാനാവുമെന്ന് ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു.

ബജറ്റിന് അനുസരിച്ച് വ്യത്യസ്ത നിലവാരത്തിലുള്ള ഹോട്ടലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിന്റെ ചെലവ് സംബന്ധിച്ച കാര്യങ്ങള്‍ ജൂണ്‍ 14 മുതല്‍ ഡിസ്‌കവര്‍ ഖത്തറില്‍ ലഭ്യമാവും. മൂന്ന് നേരത്തെ ഭക്ഷണം ഉള്‍പ്പെട്ടതായിരിക്കും ഹോട്ടല്‍ ബുക്കിങ്. ഭക്ഷണം റൂമിന്റെ വാതിലിന് മുന്നില്‍ എത്തിക്കും. നേരിട്ടുള്ള ബന്ധുക്കളെ മാത്രമേ റൂം ഷെയര്‍ ചെയ്യാന്‍ അനുവദിക്കൂ. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ആറ് വയസ്സോ അതിനു താഴെയോ ഉള്ള ഒരു കുട്ടി എന്നിങ്ങനെ പരമാവധി മൂന്നുപേര്‍ക്കാണ് മുറി പങ്കുവയ്ക്കാനാവുക. മുറിയില്‍ നിന്ന് പുറത്തിറങ്ങാനോ മറ്റുള്ളവരുമായി കൂടിക്കാഴ്ച്ച നടത്താനോ പുറത്തുനിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനോ അനുവദിക്കില്ല.

Explained: How to book your hotel for mandatory quarantine while returning to Qatar


 

Most Popular