കൊറോണക്കാലത്തെ പോറ്റമ്മത്തണല്‍; ഖത്തറിന്റെ കരുതലിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

qatar quarantine

ദോഹ: കൊറോണ വൈറസ് ബാധിതരെ സ്വദേശിയെന്നോ വിദേശിയെന്നോ ഭേദമില്ലാതെ ഒരുപോലെ പരിചരിക്കുന്ന ഖത്തറിന്റെ കരുതലിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ഖത്തറിലെ മീഡിയ വണ്‍ റിപോര്‍ട്ടര്‍ സൈഫുദ്ദീന്‍ പിസിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

രാജ്യത്ത് ദിവസേന പുറത്തുവിടുന്ന കൊറോണ വൈറസ് ബാധിതരില്‍ രാജ്യം തിരിച്ചുള്ള കണക്ക് അറിയാന്‍ ശ്രമിച്ച സൈഫുദ്ദീന് ഉണ്ടായ അനുഭവം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നത് ഇങ്ങനെ:

കൊറോണക്കാലത്തെ പോറ്റമ്മത്തണല്‍

ഖത്തറില്‍ കൊറോണക്കാലത്തെ റിപ്പോര്‍ട്ടിങാണ്. രോഗികളുടെ എണ്ണം ദിനേന കൂടുന്നത് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. വിദേശി മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ദിവസങ്ങളില്‍ നേരിട്ട പ്രധാന പ്രശ്‌നം ആകെ സ്ഥിരീകരിച്ച രോഗികളില്‍ ഏതൊക്കെ രാജ്യക്കാരുണ്ട്, എത്ര ഇന്ത്യക്കാരുണ്ട് എന്ന കണക്കൊന്നും ഇവിടുത്തെ മന്ത്രാലയം നല്‍കുന്നില്ല എന്നതാണ്. മറ്റ് രാജ്യങ്ങളിലൊക്കെ ഈ കണക്ക് കൃത്യമായി വെളിപ്പെടുത്തുന്നുമുണ്ട്.

ഈ വിഷയം ഇന്ന് ഇന്ത്യന്‍ എംബസിയുടെ പ്രധാന ഭാരവാഹികളിലൊരാളുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി വല്ലാതെ അത്ഭുതപ്പെടുത്തി.

ഇതെ ചോദ്യം അദ്ദേഹം ഇവിടുത്തെ മുതിര്‍ന്ന ഒരു ഓഫീസറോടും ചോദിച്ചിരുന്നത്രെ. അന്നേരം കിട്ടിയ മറുപടിയിതാണ്:

”എല്ലാവരും മനുഷ്യരാണ്, രാജ്യക്കാരുടെ വേര്‍തിരിവുകള്‍ക്ക് ഇപ്പോള്‍ സ്ഥാനമില്ല. സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ല, രോഗികളാണ്, അവരുടെ ജീവന്‍ രക്ഷിക്കുകയെന്നതാണ് പ്രധാനം.”

പെറ്റമ്മ രേഖകള്‍ ചോദിക്കുന്ന കാലത്ത് പോറ്റമ്മയുടെ തണലിന് എന്തോര് കുളിരാണ്!
We shall overcome, In sha Allah.